
തൃശൂർ: ഇടത് വലത് മുന്നണികളെ രൂക്ഷമായി പരിഹസിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശൂരിൽ 60,000 വോട്ട് ചേർത്തെങ്കിൽ, എന്തുകൊണ്ട് ഇടത് വലത് മുന്നണികൾക്ക് കണ്ടുപിടിക്കാൻ കഴിയാഞ്ഞില്ലെന്ന് അദ്ദേഹം ചോദിച്ചു. അതിന് സാധിക്കാത്തവർ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി രണ്ടു വർഷമായി തൃശൂരിൽ സജീവമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തേക്കിൻകാട് വന്ന സമയത്താണ് സുരേഷ് ഗോപിയുടെ മത്സരിക്കുമെന്ന് തീരുമാനിച്ചത്. തുടർന്ന് സുരേഷ് ഗോപിയും കുടുംബവും സഹപ്രവർത്തകരും വീട് വാടകയ്‌ക്കെടുത്ത് തൃശൂരിൽ താമസിച്ചു. അന്ന് തലകുത്തി മറഞ്ഞാലും സുരേഷ് ഗോപി ജയിക്കില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും പറഞ്ഞത്. 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. 60,000 കള്ളവോട്ട് ചേർത്തു അതിനാൽ സുരേഷ് ഗോപി രാജിവയ്‌ക്കണമെന്നാണ് കേരളത്തിലെ മന്ത്രി പറയുന്നത്. ഒരു എംഎൽഎ പോലും ഇല്ലാത്ത പാർട്ടി 60,000 വോട്ട് ചേർത്തെന്നാണ് ഇവർ പറയുന്നത്. അത് കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്.
ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ സിപിഎമ്മിന്റെ വകയാണ്. വീട്ടമ്മയെ കൊണ്ട് ആർക്കും എന്തും പറയിപ്പിക്കാം. അന്ന് ആക്ഷേപം ഉന്നയിക്കാത്ത ആളുകളാണ് ഇന്ന് രംഗത്ത് വന്നിരിക്കുന്നത്. പരാതിയിൽ നടപടിയെടുക്കേണ്ടത് ബിജെപി അല്ലല്ലോയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകണം. 2029 ൽ മാത്രമല്ല, 2034 ലും സുരേഷ് ഗോപി ഇവിടെ തന്നെയുണ്ടാകും ഇരട്ടി ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്യും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ ഇവിടെ തന്നെയുണ്ടാകും, കുറുനരികള്‍ ഓരിയുകയെന്നും സുരേന്ദ്രൻ പറഞ്ഞു
