വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ മോദിയുടെ രാജി ആവശ്യപ്പെടും’ -നിലപാട് കടുപ്പിച്ച് അഭിജീത് ദിപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന നിലപാട് ശക്തമാക്കി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ. ധർമേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി എത്രയും വേഗം സ്വീകരിക്കണമെന്നും അല്ലെങ്കിൽ നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് പ്രക്ഷോഭം നീങ്ങുമെന്നും അഭിജിത് ദിപ്കെ മുന്നറിയിപ്പ് നൽകി. ന്യൂഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “മോദിജി, ധർമേന്ദ്ര പ്രധാന്റെ രാജി താങ്കൾ സ്വീകരിക്കണമെന്ന് ഞാൻ ഒരിക്കൽകൂടി അഭ്യർഥിക്കുന്നു. അല്ലാത്തപക്ഷം ഈ പ്രക്ഷോഭം അദ്ദേഹത്തിന്റെ രാജിയിൽ മാത്രം ഒതുങ്ങിനിൽക്കില്ല, അത് താങ്കളുടെ രാജിക്കും വേണ്ടിയുള്ളതായി മാറും,” അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികളുടെ ജീവനേക്കാൾ പ്രാധാന്യം പരാജയപ്പെട്ട ഒരു മന്ത്രിക്ക് നൽകരുതെന്നും മന്ത്രിക്ക് സംരക്ഷണം നൽകുന്ന സർക്കാറിന് വരും തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും അഭിജിത് ദിപ്കെ കൂട്ടിച്ചേർത്തു. ചോദ്യപേപ്പർ ചോർച്ച തടയുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാർ, ജാമ്മറുകൾ സ്ഥാപിക്കുന്നതിലും റോഡുകളിൽ ബാരിക്കേഡുകൾ ഉയർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ തടസ്സങ്ങൾ സൃഷ്ടിക്കാൻ കാണിച്ച ശ്രദ്ധ ചോർച്ച തടയാൻ കാണിച്ചിരുന്നെങ്കിൽ 22 വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാമായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെടാനും ട്വീറ്റ് ചെയ്യാനും പ്രധാനമന്ത്രിക്ക് 34 ദിവസമെടുത്തെന്നും ദിപ്കെ സമരക്കാരോട് പറഞ്ഞു. വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും, ഒദ്യോഗിക വസതിയിലോ ഓഫിസിലോ വെച്ച് മാത്രമേ ചർച്ച നടക്കൂ എന്ന കേന്ദ്ര യൂനിയൻ മന്ത്രി ജെ.പി. നദ്ദയുടെ നിലപാട് സംഘടന അംഗീകരിച്ചിരുന്നില്ല. ചർച്ചകൾ ജന്തർ മന്തറിലോ അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് പോലെയുള്ള നിഷ്പക്ഷ സ്ഥലങ്ങളിലോ മാത്രമേ നടക്കൂ എന്ന് സി.ജെ.പി വ്യക്തമാക്കുകയായിരുന്നു. തുടർന്ന്, ജൂലൈ 20ലെ കൂടിക്കാഴ്ചക്ക് ശേഷം സർക്കാറിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സി.ജെ.പി ആരോപിച്ചു. കേന്ദ്ര സർക്കാർ നാല് തവണ ചർച്ചക്ക് ശ്രമിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അവകാശപ്പെട്ടെങ്കിലും സി.ജെ.പി വക്താവ് അശുതോഷ് റാങ്ക അതിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. ചർച്ചക്കായി ജന്തർ മന്തറിലേക്ക് വരാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ അത് നിരസിക്കുകയായിരുന്നുവെന്നും ജെ.പി. നദ്ദയുടെ വസതിയിലേക്ക് വരാനാണ് സർക്കാർ ആവശ്യപ്പെട്ടതെന്നും അദ്ദേഹം റാങ്ക വ്യക്തമാക്കി. വരും ദിവസങ്ങളിൽ സമാധാനപരമായ രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button