കൈകളല്ല, മസാജ് ചെയ്യുന്നത് കത്തികൾ കൊണ്ട്! കേട്ടാൽ പേടിക്കും, അനുഭവിച്ചാൽ ഞെട്ടും! വൈറൽ മസാജിന് ആവശ്യക്കാർ കൂടുന്നതിന്റെ കാരണമിതാണ്…
കൈകള്‍ കൊണ്ടോ വിരലുകള്‍ കൊണ്ടോ അല്ല, വെട്ടിത്തിളങ്ങുന്ന വലിയ കത്തികള്‍ ഉപയോഗിച്ചുള്ള മസാജ് ചെയ്താല്‍ എങ്ങനെയുണ്ടാകും? കേള്‍ക്കുമ്പോ തന്നെ ഒരു കോരിത്തരിപ്പ് തോന്നുന്നില്ലേ? വെറുതെ ഞെട്ടിത്തരിക്കാന്‍ വേണ്ടി എഴുതിപ്പിടിപ്പിച്ചതല്ല, തായ്വാനിലെ തലസ്ഥാനമായ തായ്പേയിയിലെ ശ്രദ്ധേയവും അല്‍പ്പം പേടിപ്പിക്കുന്നതും കൗതുകമുണര്‍ത്തുന്നതുമായ ഒരു മസാജ് രീതിയാണിത്. കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുമെങ്കിലും ഈ വിചിത്ര ചികിത്സാരീതി പരീക്ഷിക്കാനായി നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്. മൂര്‍ച്ചയില്ലാത്ത വലിയ കത്തികള്‍ ഉപയോഗിച്ചുള്ള പരമ്പരാഗത മസാജ് രീതിക്ക് ‘നൈഫ് മസാജ്’ എന്നാണ് വിളിപ്പേര്.ഒറ്റനോട്ടത്തിൽ ശരീരത്തില്‍ കത്തി ഉപയോഗിച്ച് മസാജ് ചെയ്യുകയെന്നത് അപകടകരമായി തോന്നാമെങ്കിലും, തായ്വാനില് പരിശീലനം നേടിയ തെറാപ്പിസ്റ്റുകളാണ് ഈ രീതി പിന്തുടരുന്നത്. ഇറച്ചിക്കടകളില്‍ കാണാറുള്ളത് പോലെയുള്ള കശാപ്പുകത്തികളോട് സാമ്യമുള്ള, എന്നാല്‍ മൂര്‍ച്ചയില്ലാത്ത പ്രത്യേക ബ്ലേഡുകളാണ് ഇതിനായി ഉപയോഗിക്കാറ്. കേള്‍ക്കുമ്പോള്‍ ഭീകരമായി തോന്നാമെങ്കിലും, ശരീരത്തില്‍ കത്തി ഉപയോഗിച്ച് ശക്തിയായി മുറിക്കുന്നതല്ല ഇവിടുത്തെ രീതി. രണ്ട് കത്തികള്‍ ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താളാത്മകമായി തട്ടുകയാണ് ചെയ്യുന്നത്.ചൈനയില്‍ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ചികിത്സാരീതിയാണ് നൈഫ് മസാജെന്നാണ് ഇതിന്റെ പ്രചാരകരുടെ അവകാശവാദം. പരമ്പരാഗത ചൈനീസ് ചികിത്സാസങ്കല്പ്പമായ ‘ചി’ അഥവാ ജീവോര്‍ജത്തെ അടിസ്ഥാനമാക്കിയാണ് ഈ രീതി വികസിച്ചതെന്നും വാദങ്ങളുണ്ട്. ശരീരത്തിലെ ഊര്‍ജപ്രവാഹം സന്തുലിതമാക്കാനും, മാനസികവും ശാരീരികവുമായ പിരിമുറുക്കം കുറയ്ക്കാനും ഇത് സഹായിച്ചേക്കുമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവരുടെ വാദം. തായ്പേയിയിലെ സിറ്റി മാളില്‍ ഈ മസാജ് ഒരിക്കല്‍ പരീക്ഷിച്ചുനോക്കിയ എഴുത്തുകാരി ഹെലന് ഫോസ്റ്ററുടെ യാത്രാവിവരണം ഇങ്ങനെ, ‘തിരക്കേറിയ ഷോപ്പിങ് മാളിനുള്ളില്‍ മഞ്ഞ നിറത്തിലുള്ള പുതപ്പുകള്‍ വിരിച്ച കിടക്കകളിലാണ് മസാജ്. രണ്ട് കത്തികള്‍ അതിവേഗത്തില്‍ ശരീരത്തില്‍ താളത്തില്‍ തട്ടും. ആദ്യം ചെറിയൊരു പരിഭ്രമം തോന്നും. പിന്നെ പിന്നെ അത് ഡ്രമ്മില്‍ താളം പിടിക്കുന്നതുപോലെയുള്ള അനുഭവമായി മാറും.’ അവര്‍ കുറിച്ചു. ആദ്യമായി പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മസാജാണ് അവര്‍ പരീക്ഷിച്ചത്. കഴുത്ത്, തോളുകള്‍, പുറം തുടങ്ങിയ ഭാഗങ്ങള്‍ക്ക് പകരം നടുവിനും കാലുകള്ക്കുമായിരുന്നു ആദ്യ സെഷനില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ചില ഭാഗങ്ങളില്‍ കത്തികള്‍ തട്ടുമ്പോള്‍ ചെറിയ വേദന അനുഭവപ്പെട്ടെങ്കിലും മസാജ് കഴിഞ്ഞപ്പോള്‍ നടുവിലെ പിരിമുറുക്കം കുറഞ്ഞതായി തോന്നിയെന്നാണ് ഇവരുടെ അനുഭവക്കുറിപ്പിലുള്ളത്. തുടര്‍ന്ന് തായ്പേയിയിലെ ഷിമെന്ഡിങ് മേഖലയിലുള്ള മറ്റൊരു കേന്ദ്രത്തില്‍ ഒരു മണിക്കൂര്‍ നീണ്ട മസാജും പരീക്ഷിച്ചു. കൈകള്‍, കാലുകള്‍, പുറം, വയര്‍, തോളുകള്‍ തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കത്തികള്‍ ഉപയോഗിച്ച് താളത്തില്‍ തട്ടുന്നതായിരുന്നു ചികിത്സ. സെഷന് കഴിഞ്ഞപ്പോള്‍ ശരീരത്തിന് മാത്രമല്ല മനസ്സിനും ആശ്വാസം ലഭിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത രീതിയിലുള്ള ഈ മസാജില്‍ പരിശീലനത്തിനും കര്‍ശനമായ ജീവിതശൈലിക്കും പ്രാധാന്യമുണ്ടെന്നാണ് പരിശീലകരുടെ പക്ഷം. മസാജ് ചെയ്യുന്നവര്‍ സസ്യാഹാരം പിന്തുടരണമെന്നതും ചില പാരമ്പര്യരീതികളുടെ ഭാഗം. ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കി പോസിറ്റീവ് ഊര്‍ജം പകരുകയാണ് ലക്ഷ്യമെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്. തായ്പേയിലെ ‘ദി ആൻഷ്യന്റ് ആർട്ട് ഓഫ് നൈഫ് മസാജ് ദാവോ ലിയാവോ ഐജിങ് എജ്യുക്കേഷൻ സെന്റർ’ നിരവധി വർഷങ്ങളായി ഈ ചികിത്സയിൽ പരിശീലനം നൽകുന്നുണ്ട്. തായ്വാനിൽ മാത്രം ഇവർക്ക് 36 ശാഖകളുണ്ടെന്നാണ് റിപ്പോർട്ട്. ആധുനിക ജീവിതത്തിലെ സമ്മർദങ്ങളിൽനിന്ന് ആശ്വാസം തേടുന്നവരാണ് പ്രധാനമായും ഈ ചികിത്സാരീതിയിലേക്ക് എത്തുന്നത്.അതേസമയം, കത്തികള്‍ ഉപയോഗിച്ചുള്ള മസാജ് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സയാണെന്ന് കണ്ണടച്ചുള്ള വിലയിരുത്തലും വേണ്ട. പരിശീലനം, ശുചിത്വം, ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സുരക്ഷ എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്നതാണ് പ്രാധാന്യം. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ഇത്തരം മസാജുകള്‍ പരീക്ഷിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതമെന്ന് ചുരുക്കം.





