കോവളം സ്പാ പീഡനക്കേസ്; പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് സ്പാ ഉടമ സജിത്ത്
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 16 വയസുകാരിയായ പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് കേസിൽ നേരത്തെ അറ്റസ്റ്റിലായ സ്പാ ഉടമ സജിത്താണെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബംഗളൂരുവിലുള്ള ഒരു യുവതിയാണ്. തുടര്‍ന്ന് സജിത്തും യുവതിയും ചേര്‍ന്ന് കുടുംബത്തെ കോവളത്ത് എത്തിച്ചുവെന്നാണ് വിവരം.കുട്ടിയെ ചെന്നൈയിലും മറ്റും കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ചെന്നൈയില്‍ കുട്ടിയെ കൊണ്ടുപോയിട്ടില്ലെന്നാണ് മാതൃസഹോദരി മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, സിഡിആര്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 16 വയസുകാരിയുടെത് മനുഷ്യക്കടത്തെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തതായും അന്വേഷണസംഘം അറിയിച്ചു.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആയുര്‍കേരള, ഡാലിയ ഹോം, കേരള ആയുര്‍വേദ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങള്‍ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിയും ഭര്‍ത്താവുമാണ് ഏറ്റെടുത്തിരുന്നത്. പീഡനം സഹിക്കാനാകാതെ വന്നതോടെ പെണ്‍കുട്ടി കോവളത്തുവെച്ച് പരിചയപ്പെട്ട യുവാവിനോട് ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയും ഇയാള്‍ക്കൊപ്പം പോവുകയും ചെയ്തു. തുടര്‍ന്ന് മാതൃസഹോദരി നല്കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പുറത്തുവന്നത്. 16 വയസ്സും 20 വയസ്സും രേഖപ്പെടുത്തിയ രണ്ട് ആധാര്‍ കാര്‍ഡുകള്‍ പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പരിശോധനയില്‍ പെണ്‍കുട്ടിക്ക് 16 വയസ്സാണെന്ന് സ്ഥിരീകരിച്ചതോടെ ഷെല്‍ട്ടറിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് ദീര്‍ഘകാലമായി നേരിട്ട പീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.





