വടകരയിലെ യുവാവിന്‍റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ്?; വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്
കോഴിക്കോട്: വടകരയിൽ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശങ്ങൾ പുറത്ത്. ലോൺ ആപ്പിൽ നിന്നും ബ്ലേഡ് മാഫിയയിൽ നിന്നും വിഷ്ണു പണം വായ്പ എടുത്തിരുന്നു. ഇരുകൂട്ടരിൽ നിന്നും ഭീഷണിയുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിഷ്ണുവിനെ കാണാതായത്.ലോൺ ആപ്പിൽ നിന്നും 10,000 രൂപയാണ് വിഷ്‌ണു വായ്പ എടുത്തത്. ഇത് തിരിച്ചടക്കാൻ പറ്റാതായതോടെ ഭീഷണി തുടങ്ങി. വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു. ഇതോടെയാണ് വിഷ്ണു ബ്ലേഡ് മാഫിയയിൽ നിന്നും 65000 രൂപയുടെ മറ്റൊരു വായ്പയെടുക്കുന്നത്. ഇത് പലിശ ഉൾപ്പെടെ ഒരു ലക്ഷം രൂപയായി എന്നും തനിക്ക് മാനസിക സമ്മർദ്ദമുണ്ടെന്നും വിഷ്ണു സഹോദരന് ഒടുവിൽ അയച്ച സന്ദേശത്തിൽ പറയുന്നു. ജോലിക്ക് പോകാത്തതിൻ്റെ കാരണം ഇതാണെന്ന് അമ്മയോട് പറയണമെന്നും വിഷ്‌ണു ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിഷ്ണു തയ്യാറായിട്ടില്ല. താൻ തിരിച്ചെത്തിയിട്ട് മറ്റു വിവരങ്ങൾ വിശദീകരിക്കാം എന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്. കാണാതായി ഏഴ് ദിവസം പിന്നിട്ടിട്ടും വിഷ്ണുവിൻ്റെ വിവരങ്ങൾ ഇല്ല. ഒടുവിൽ കാസർകോഡാണ് ഫോണിൻ്റെ സിഗ്നൽ ലഭിച്ചത്. അതേസമയം, വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയ ബ്ലേഡ് മാഫിയ സംഘത്തെ ഉൾപ്പെടെ കേന്ദ്രീകരിച്ചു കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.





