പങ്കാളികളെ മയക്കി പീഡിപ്പിക്കാൻ പഠിപ്പിക്കുന്ന ‘ഓൺലൈൻ അക്കാദമി’; റിപ്പോർട്ട് പുറത്തുവിട്ട് സിഎൻഎൻ
വാഷിംഗ്ടൺ: ലോകത്തെ നടുക്കിയ ഫ്രഞ്ച് പൗരൻ ഡൊമിനിക് പെലിക്കോട്ടിന്റെ ക്രൂരതകൾക്ക് സമാനമായ രീതിയിൽ, സ്വന്തം പങ്കാളികളെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ പുരുഷന്മാരെ പഠിപ്പിക്കുന്ന ഒരു ആഗോള ഓൺലൈൻ ശൃംഖലയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ. 2024ൽ ഫ്രാൻസിൽ പുറത്തുവന്ന പെലിക്കോട്ട് കേസിൽ, ‘വിത്തൗട്ട് ഹെർ നോളഡ്ജ്’ എന്ന ചാറ്റ് റൂമിലൂടെ ഡൊമിനിക് തന്റെ ഭാര്യയെ പീഡിപ്പിക്കാൻ നിരവധി പുരുഷന്മാരെ ക്ഷണിച്ചിരുന്നു. ഈ കേസ് വലിയ വാർത്തയായതോടെ അത്തരം വെബ്സൈറ്റുകൾ അടച്ചുപൂട്ടിയെങ്കിലും, സമാനമായ കുറ്റകൃത്യങ്ങൾ ഇന്റർനെറ്റിന്റെ ഇരുണ്ട ലോകത്ത് ഇപ്പോഴും സജീവമാണെന്ന് മാസങ്ങൾ നീണ്ട ഈ അന്വേഷണം വ്യക്തമാക്കുന്നു. പ്രധാനമായും ഒരു വെബ്സൈറ്റാണ് ഈ ക്രൂരകൃത്യങ്ങളുടെ പ്രധാന കേന്ദ്രമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഫെബ്രുവരിയിൽ മാത്രം 62 ദശലക്ഷം സന്ദർശകരുണ്ടായ ഈ സൈറ്റിൽ, സ്ത്രീകൾ അബോധാവസ്ഥയിൽ കിടക്കുന്ന ഇരുപതിനായിരത്തിലധികം വീഡിയോകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. നിയമപരമായ എന്തിനും അനുവാദമുള്ള സൈറ്റ് എന്നാണ് ഇത് സ്വയം വിശേഷിപ്പിക്കുന്നത് എങ്കിലും, ഇതിൽ പങ്കുവെക്കപ്പെടുന്ന ദൃശ്യങ്ങളുടെ നിയമസാധുത വലിയ ചോദ്യചിഹ്നമാണ്. സ്ത്രീകൾ മയക്കത്തിലാണോ അതോ മരുന്നടിച്ച് അബോധാവസ്ഥയിലാണോ എന്ന് ഉറപ്പിക്കാനായി അവരുടെ കൺപോളകൾ ഉയർത്തി പരിശോധിക്കുന്ന #eyecheck എന്ന ടാഗിലുള്ള വീഡിയോകൾക്ക് മാത്രം അമ്പതിനായിരത്തിലധികം കാഴ്ചക്കാരുണ്ട്.ഈ വെബ്സൈറ്റിലെ ഉപയോക്താക്കൾ തന്നെ രൂപീകരിച്ച ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്നത്. പങ്കാളികൾക്ക് നൽകേണ്ട മരുന്നുകൾ, അവയുടെ അളവ്, മരുന്ന് നൽകിയാൽ ബോധം മറയുന്ന രീതി എന്നിവയെക്കുറിച്ച് ഈ ഗ്രൂപ്പിൽ അംഗങ്ങൾ ചർച്ച ചെയ്യുന്നു. ഈ ഗ്രൂപ്പിലെ സജീവ അംഗമായിരുന്ന ‘പിയോറ്റർ’ എന്ന പോളിഷ് പൗരനെ സിഎൻഎൻ നടത്തിയ രഹസ്യ നീക്കത്തിലൂടെ പിടികൂടാൻ സാധിച്ചു. ഇയാൾ തന്റെ പങ്കാളിയെ മയക്കി പീഡിപ്പിച്ചതായും അത് വിഡിയോ എടുത്തതായും സമ്മതിക്കുന്ന ചാറ്റുകൾ പുറത്തുവന്നിട്ടുണ്ട്. ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ പ്രൊഫഷണലുകൾ പോലും ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.മയക്കുമരുന്ന് നൽകിയുള്ള പീഡന ദൃശ്യങ്ങൾ കേവലം വിനോദത്തിന് വേണ്ടി മാത്രമല്ല, സാമ്പത്തിക ലാഭത്തിന് വേണ്ടിയും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം വിഡിയോകൾ കാണുന്നതിന് 20 ഡോളർ വരെ പണം ഈടാക്കുന്നുണ്ട്. പങ്കാളികൾക്ക് ഒന്നും ഓർമ്മ വരാതിരിക്കാൻ നൽകേണ്ട ‘സ്ലീപ്പിങ് ലിക്വിഡുകൾ’ ഈ പ്ലാറ്റ്ഫോമുകൾ വഴി വിൽക്കപ്പെടുന്നുമുണ്ട്. അതിജീവിതമാരായ മൂന്ന് സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ റിപ്പോർട്ട്, ഡിജിറ്റൽ ലോകത്തെ സ്ത്രീ സുരക്ഷ എത്രത്തോളം അപകടത്തിലാണെന്ന വലിയ മുന്നറിയിപ്പാണ് നൽകുന്നത്.





