നിപ വൈറസ്: ഹൈറിസ്ക് പട്ടികയിലുള്ളവർ ഈ 4 ജില്ലക്കാർ, 37 പേർ പുതുതായി സമ്പർക്ക പട്ടികയിൽ, 8 റിസൽട്ട് കൂടി നെഗറ്റീവ്

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. ഇന്ന് (ശനി) 37 പേരെ പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. പെരിന്തല്‍മണ്ണ ആശുപത്രിയുമായി ബന്ധപ്പെട്ട ഇവരെല്ലാവരും പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവരാണ്. ഇതോടെ ആകെ 94 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള 40 പേര്‍, പാലക്കാട് 11, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ വീതവുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആകെ 53 പേര്‍. 41 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലാണ്. പോസിറ്റീവായി ചികിത്സയിലുള്ള വ്യക്തിക്ക് വെള്ളിയാഴ്ച ഒരു ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയിരുന്നു. ഇന്ന് (ശനിയാഴ്ച) ഒരു ഡോസ് കൂടി നല്‍കും. രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ ആറു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടു പേര്‍ ഐ.സി.യുവിലാണ്. ഇന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയ വ്യക്തി ഉള്‍പ്പെടെയാണ് രണ്ട് ഐ.സി.യു കേസുകള്‍. പോസിറ്റീവായ വ്യക്തി പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളെജിലുമാണുള്ളത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലയില്‍ ജോയിന്റ് ഔട്ട്ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചിട്ടുണ്ട്. പനി സര്‍വേയുടെ ഭാഗമായി 1781 വീടുകളില്‍ ഇന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തിയതായി മന്ത്രി അറിയിച്ചു. 52 പേരുമായി ഇന്ന് ഫോണ്‍ വഴി ബന്ധപ്പെട്ടതില്‍ മൂന്ന് പേര്‍ക്ക് മാനസിക പിന്തുണ നല്‍കി.
