വോട്ടർ പട്ടികയിൽ മതമോ ജാതിയോ അടിസ്ഥാനമാക്കി രേഖകള്‍ സൂക്ഷിക്കാറില്ല’: യോഗി ആദിത്യനാഥിന് മറുപടിയുമായി യുപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
‘
ലഖ്നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് ‘ഹിന്ദു വോട്ടർമാർ’ കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങളിൽ മറുപടിയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ.വോട്ടർ ഡാറ്റാബേസിൽ വോട്ടറുടെ പേര്, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, പ്രായം, വീട്ടുനമ്പർ, ലിംഗഭേദം എന്നീ വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തുന്നത്. മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങൾ ഇതിൽ രേഖപ്പെടുത്താറില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. വോട്ടർ പട്ടിക പൊതുരേഖയായതിനാൽ മാധ്യമങ്ങളും നിരീക്ഷകരും പേരുകളും മറ്റും അടിസ്ഥാനമാക്കി സ്വന്തം നിലയിൽ വിശകലനങ്ങൾ നടത്താറുണ്ട്. എന്നാല്‍ അത്തരം വിശകലനങ്ങൾ തെരഞ്ഞെടുപ്പ് വകുപ്പിന്റെ ഔദ്യോഗിക വിവരങ്ങളായോ കണ്ടെത്തലുകളായോ കണക്കാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഏകദേശം 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നായിരുന്നു നേരത്തെ ഒരു അഭിമുഖത്തിൽ യോഗി ആദിത്യനാഥ് ആരോപിച്ചത്. സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം ഹിന്ദുക്കളും 18-19 വയസ്സ് പ്രായമുള്ള 4.5 ലക്ഷം യുവവോട്ടർമാരും ഉൾപ്പെടെ 66 ലക്ഷത്തോളം പേരുടെ പേരുകൾ കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പട്ടികയിലെ അപാകതകളിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ കമ്മീഷന് നിവേദനം നൽകിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഉത്തർപ്രദേശിലെ കരട് വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 13.58 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 6.20 കോടി പേർ സ്ത്രീകളാണെന്നും നവ്ദീപ് റിൻവ അറിയിച്ചു.





