യാത്രക്കിടെ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി; വൻ അപകടം ഒഴിവായത് തലനാരിഴക്ക്
കൊടുവായൂർ: പാലക്കാട് കൊടുവായൂരിൽ യാത്രക്കിടെ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിന്റെ സ്റ്റിയറിങ് ഇളകി ഊരിപ്പോയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുമ്പിലാണ് സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ഒഴുവാക്കിയത് വൻ ദുരന്തമെന്നാണ് യാത്രക്കാർ പ്രതികരിച്ചത്. പല്ലശ്ശനയിൽനിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിനാണ് യാത്രാമധ്യേ സാങ്കേതിക തകരാർ സംഭവിച്ചത്. കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുമ്പിൽ നിർത്തി യാത്രക്കാരെ കയറ്റിയശേഷം ബസ് മുന്നോട്ടുനീങ്ങിയപ്പോഴാണ് സ്റ്റിയറിങ്ങിന് ഇളക്കം അനുഭവപ്പെട്ടത്. തുടർന്ന് സ്റ്റിയറിങ് ഊരിപ്പോകുകയായിരുന്നു. എന്നാൽ, ബസിന് അധികവേഗമില്ലാതിരുന്നതിനാൽ ഡ്രൈവർ നിയന്ത്രണം കൈവിടാതെ വാഹനം പതുക്കെ സുരക്ഷിതമായി നിർത്തി. ഇതോടെ വലിയൊരു അപകടസാധ്യത ഒഴിവാക്കാനായി. തുടർന്ന് ബസിലെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി. യാത്ര മുടങ്ങിയവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു ബസിൽ യാത്ര തുടർന്നുപോകാനുള്ള സൗകര്യവും ഏർപ്പെടുത്തി. സംഭവസമയത്ത് കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവം നടക്കുകയായിരുന്നു. സ്കൂളിന് മുമ്പിലെ റോഡിൽ വിദ്യാർഥികളും മറ്റ് ആളുകളും കൂടിനിൽക്കുമ്പോഴാണ് ബസിന്റെ സ്റ്റിയറിങ് തകരാറിലായത്. ഇത് കൂടുതൽ ആശങ്കക്ക് ഇടയാക്കി.





