ആര്യന്നൂർ നട വഴി ഓടിക്കൊണ്ടിരിക്കുന്നകാറിന്റെ ഡോറിൽ തൂങ്ങി യുവാക്കളുടെ അപകടകരമായ സാഹസിക യാത്ര; പനമരം പോലീസ് കേസെടുത്തു
പനമരം: പനമരം ആര്യന്നൂർ നട വഴി ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഇരുവശത്തേയും ഡോറുകളിൽ പുറത്തേക്ക് തൂങ്ങി യുവാക്കൾ നടത്തിയ അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുത്തു സംഭവത്തിൽ പനമരം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പനമരം ഭാഗത്തേക്ക് അതിവേഗത്തിൽ പോകുകയായിരുന്ന കാറിന്റെ ഇരുവശത്തേയും ഡോറുകളിൽ തൂങ്ങിയാണ് രണ്ട് യുവാക്കൾ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ സാഹസിക യാത്ര നടത്തിയത്. കനത്ത മഞ്ഞുമൂടിയ റോഡിലൂടെ മുന്നിൽ ലോറിയും എതിർദിശയിൽ മറ്റു വാഹനങ്ങളും ഒന്നിനുപുറകെ ഒന്നായി കടന്നുവരുന്ന അതീവ അപകടകരമായ സാഹചര്യത്തിലായിരുന്നു യുവാക്കളുടെ ഈ ചേഷ്ടകൾ.
ഇവരുടെ പിന്നാലെ വന്ന മറ്റൊരു കാറിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. കാറിന്റെ ഡോറുകളിൽ തൂങ്ങിപ്പിടിച്ച് കൈവീശിയും ആഹ്ലാദം പ്രകടിപ്പിച്ചുമാണ് ഈ യുവാക്കൾ യാത്ര ചെയ്തത്. ഇവർ ആര്യന്നൂർ നട കടന്ന് പനമരം പാലം വഴിയും ഇതേ രീതിയിൽ തന്നെയാണ് യാത്ര തുടർന്നത്.
റോഡിലൂടെ സഞ്ചരിച്ച മറ്റ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവന് ഗുരുതരമായ അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഈ നിയമവിരുദ്ധ പ്രവൃത്തി വലിയ രീതിയിലുള്ള ആശങ്കയാണ് നാട്ടുകാരിൽ ഉയർത്തിയിട്ടുള്ളത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പനമരം പോലീസ് എഫ്.ഐ.ആർ. (FIR No. 578/2026) രജിസ്റ്റർ ചെയ്തു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 281 വകുപ്പും, കേരള പോലീസ് ആക്ട് 118(e) വകുപ്പും ചുമത്തിയാണ് കേസെടുത്തത്. വാഹനത്തിന്റെ ഉടമയെയും യാത്ര ചെയ്ത യുവാക്കളെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി





