സംശയാസ്പദമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിഡിയോകൾചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുന്നറിയിപ്പ്

മനാമ: സംശയാസ്പദമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിഡിയോകൾ ചിത്രീകരിക്കുന്നതിനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനും എതിരെ ബഹ്റൈനിലെ പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. പകരം, ഉടൻതന്നെ 999ൽ വിളിച്ച് പൊലീസുമായി ബന്ധപ്പെടണമെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അൽ അമാൻ റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിലൂടെ നിരപരാധികളുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുമെന്നതിനാൽ, കുറ്റകൃത്യങ്ങൾ ചിത്രീകരിക്കുന്നതിന് പകരം നേരിട്ട് റിപ്പോർട്ട് ചെയ്യാൻ ജനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.ഒരു കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനകത്തേക്ക് കടന്നുകയറാൻ ഒരാൾ ശ്രമിച്ച സംഭവം അദ്ദേഹം ഉദാഹരണമായി എടുത്തുപറഞ്ഞു. ഉടൻതന്നെ പൊലീസിനെ വിളിച്ചറിയിക്കുന്നതിന് പകരം, അതുവഴി പോയ ഒരു സ്ത്രീ സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കുകയാണ് ചെയ്തത്. അത് പൊലീസിന് നൽകുന്നതിന് പകരം കടയുടമക്ക് അയച്ചുനൽകുകയും ചെയ്തു. നിയമം ലംഘിക്കുകയാണെന്ന് സ്വയം തീരുമാനിച്ചുറപ്പിച്ച് ചിലർ, വ്യക്തികളെ രഹസ്യമായി ചിത്രീകരിക്കുകയാണ്. അവരുടെ മുഖമോ, കാറിന്റെ നമ്പർ പ്ലേറ്റോ റെക്കോഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പിന്നീട് നിയമപാലകരുടെ അന്വേഷണത്തിൽ ആ വ്യക്തി നിരപരാധിയാണെന്നും അപകീർത്തിപ്പെടുത്തലിന് ഇരയായെന്നും വെളിപ്പെടുകയും ചെയ്തു. അങ്ങനെയുള്ള സാഹചര്യത്തിൽ, നിങ്ങളുടെ പ്രവൃത്തി കാരണം അതിക്രമത്തിന് ഇരയായ വ്യക്തി പരാതിപ്പെട്ടാൽ നിങ്ങൾക്കെതിരെ കേസെടുക്കാൻ സാധിക്കും. അതിനാൽ, ഒരു കുറ്റകൃത്യം നടക്കുന്നുവെന്ന് സംശയിച്ചാൽ എപ്പോഴും അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും അത് കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കുകയും ചെയ്യണം. മറ്റുള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സോഷ്യൽ മീഡിയ വിവേകത്തോടെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയെ കാറിനകത്തുവെച്ച് ക്രൂരമായി മർദിക്കുകയാണെന്ന് ആരോപിച്ച് വാട്സ്ആപ്പിൽ ഒരു വ്യാജ സന്ദേശം പ്രചരിച്ച സംഭവവും അദ്ദേഹം എടുത്തുപറഞ്ഞു. ‘‘കാറിന്റെ ബ്രാൻഡും ലൈസൻസ് പ്ലേറ്റ് നമ്പറും ഉൾപ്പെടുത്തിയായിരുന്നു സന്ദേശം. മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ അടുത്തെത്തുന്നതു വരെ സന്ദേശം മറ്റുള്ളവരുമായി പങ്കിടാൻ അഭ്യർഥിക്കുകയും ചെയ്തു. ശേഷം സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു. അത്തരം സാഹചര്യങ്ങളിൽനിന്ന് കുട്ടികളെ രക്ഷിക്കേണ്ടത് നിർണായകമാണ്, എന്നാൽ, അവിടെ ആദ്യം കാര്യങ്ങൾ അറിയിക്കേണ്ടിയിരുന്നത് പൊലീസിനെ ആയിരുന്നു. ഒടുവിൽ, വാട്സ്ആപ് സന്ദേശത്തിന്റെ ഉള്ളടക്കം തെറ്റാണെന്ന് തെളിഞ്ഞു. ദിവസം മുഴുവൻ സന്ദേശങ്ങൾ കുമിഞ്ഞുകൂടി കുട്ടിയുടെ കുടുംബം ഒരുപാട് ബുദ്ധിമുട്ടേണ്ടിയും വന്നു’’ -അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യങ്ങളിൽ, ആളുകൾ 999 എന്ന നമ്പറിൽ നിർബന്ധമായും വിളിക്കുക. അപകടങ്ങൾ, പരിക്കുകൾ, തീപിടിത്തം അല്ലെങ്കിൽ മുങ്ങിമരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, അത്രയധികം അടിയന്തരമല്ലാത്ത കേസുകൾക്ക്, ആളുകൾക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോകുകയോ സർക്കാറിന്റെ നിർദേശങ്ങളും പരാതികളും സമർപ്പിക്കുന്നതിനുള്ള സിസ്റ്റമായ തവാസുലിൽ പരാതി ഫയൽ ചെയ്യുകയോ ചെയ്യാം.
