എന്തൊരു നരകമാണ്! ശ്രീനഗറിലാകെ സ്ഫോടനശബ്ദം; വെടിനിർത്തൽ എവിടെയെന്ന് ഉമർ അബ്ദുല്ല


ശ്രീനഗർ: വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ശ്രീനഗറിലാകെ സ്ഫോടന ശബ്ദം കേട്ടതായും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശ്രീനഗറിലുടനീളം വെടിശബ്ദം കേട്ടതായി കശ്മീർ മുഖ്യമന്ത്രി അറിയിച്ചത്. ‘എന്തൊരു നരകമാണ്. വെടിനിർത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറിൽ ഉടനീളം സ്ഫോടനങ്ങൾ കേട്ടു’-എന്നാണ് ഉമർ അബ്ദുല്ല എക്സ് കുറിപ്പിൽ ചോദിച്ചത്. സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ച് മണിക്കൂറുകൾക്കകമാണ് രാജസ്ഥാനിലെ ബാർമർ, ജമ്മു കശ്മീരിലെ ബാരാമുള്ള എന്നിവയുൾപ്പെടെ നിരവധി അതിർത്തി ജില്ലകളിൽ പാകിസ്താൻ ഷെല്ലാക്രമണവും വ്യോമാക്രമണവും നടത്തിയത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച രാജ്യങ്ങൾക്കിടയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് അമേരിക്ക മധ്യസ്ഥത വഹിച്ചതായി പ്രസ്താവിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. പാകിസ്താനും ഇത് സ്ഥിരീകരിക്കുകയും ചെയ്തു.