കീറിയ 10 രൂപ നോട്ട് നൽകിയതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി, രണ്ട് പേർ അറസ്റ്റിൽ
ഡൽഹി: കീറിയ 10 രൂപ നോട്ട് നൽകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഉപഭോക്താവ് മർദിച്ചെന്നാരോപിച്ച് ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി. കല്യാൺപുരിയിൽ ഇൻസ്റ്റന്റ് ഡെലിവറി ആപ്പിൽ ജോലി ചെയ്തിരുന്ന സമീർ ഹുസൈനാണ് മരിച്ചത്. സംഭവത്തിന് തൊട്ടുമുമ്പ് സമീർ റെക്കോർഡ് ചെയ്ത വിഡിയോ പുറത്തുവന്നതോടെ സംഭവം ചർച്ചയായി. പൊലീസിൽ നിന്നും തൊഴിലുടമയിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് സമീർ വിഡിയോയിൽ ആരോപിക്കുന്നുണ്ട്. ക്യാഷ് ഓൺ ഡെലിവറി ഓർഡർ നൽകാനായി ഒരു വീട്ടിലെത്തിയപ്പോഴാണ് തർക്കമുണ്ടായതെന്നാണ് സമീർ വിഡിയോയിൽ പറയുന്നത്. പണം നൽകുന്നതിനിടെ ഉപഭോക്താവ് കീറിയ 10 രൂപ നോട്ട് നൽകിയെന്നും പകരം മറ്റൊരു നോട്ടോ നാണയമോ ആവശ്യപ്പെട്ടപ്പോൾ മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്തെന്നുമാണ് ആരോപണം. ജോലി തുടരേണ്ടതിനാൽ ആദ്യം സംഭവം അവഗണിക്കാൻ ശ്രമിച്ചെങ്കിലും തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉപഭോക്താവ് നടത്തിയ പരാമർശങ്ങളും അപമാനകരമായ പെരുമാറ്റവും ഏറെ വേദനിപ്പിച്ചെന്ന് സമീർ വിഡിയോയിൽ പറയുന്നു.സൈക്കിളിൽ ദീർഘനേരം ഡെലിവറി നടത്തി ഉപജീവനം കണ്ടെത്തുന്നയാളാണ് താനെന്ന് സമീർ പറഞ്ഞു. കുടുംബത്തോട് പണം ആവശ്യപ്പെടാതെ സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനാണ് ശ്രമിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.തർക്കത്തിനിടെ ഉപഭോക്താവ് ഭീഷണിപ്പെടുത്തിയെന്നും സമീപത്തുണ്ടായിരുന്നവരുടെ മുന്നിൽവെച്ച് മൂന്ന് തവണ അടിച്ചെന്നും സമീർ ആരോപിച്ചു. ‘ഉപഭോക്താക്കളാണ് ഞങ്ങൾക്ക് പ്രധാനം. ഞങ്ങൾക്ക് യാതൊരു പരിഗണനയുമില്ല. ഞങ്ങൾ ഡെലിവറി ചെയ്യുക മാത്രമാണ് ചെയ്യുന്നത്’ എന്നായിരുന്നു വിഡിയോയിൽ സമീറിന്റെ വാക്കുകൾ. ഡെലിവറി ജീവനക്കാർക്ക് സുരക്ഷയും പിന്തുണയും ലഭിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു. സംഭവത്തിൽ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും തന്റെ പരാതി ഗൗരവമായി പരിഗണിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും സമീർ പറഞ്ഞു. ആളുകൾക്കു മുന്നിൽവെച്ച് അപമാനിക്കപ്പെട്ടതിന്റെ വേദനയും അമ്മയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വിഡിയോയിൽ പങ്കുവെച്ചു. ‘അത്രയും ആളുകളുടെ മുന്നിൽവെച്ച് അയാൾ എന്നെ അടിച്ചപ്പോൾ ആർക്കെങ്കിലും എന്തെങ്കിലും പറയാമായിരുന്നു. ആരും ഒന്നും പറഞ്ഞില്ല. അയാൾ എന്നെ അടിച്ചു. ആ അടി എന്റെ ഹൃദയത്തിലാണ് കൊണ്ടത്’ എന്നായിരുന്നു സമീറിന്റെ വാക്കുകൾ.സംഭവത്തിൽ കല്യാൺപുരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് അറിയിച്ചു. കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.





