അനുജത്തിയെ അമ്മയുടെ സുഹൃത്ത് കൊന്നു; അമ്മ അറസ്റ്റിൽ, കൊലപാതകം പുറത്തറിഞ്ഞത് എട്ടുവയസ്സുകാരന്റെ മൊഴിയിലൂടെ

തിരുവല്ല: മൂന്നു വർഷം മുമ്പ് തിരുവല്ല പുളിക്കീഴിലെ ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മ പാലക്കാട് കന്നിമാരി മീൻകര ചെമ്മണാമ്പതി ഇസക്കിയുടെ ഭാര്യ മഞ്ജുവിനെ (45) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്തായ ശിവയും അയാളുടെ സഹോദരൻ ശക്തിയും ഒളിവിലാണ്. മഞ്ജുവിന്റെ മകനോട് നാട്ടിലെ പൊതുപ്രവർത്തക സഹോദരിയെക്കുറിച്ചു ചോദിച്ചതാണ് കേസിൽ വഴിത്തിരിവായത്. മഞ്ജുവിന്റെ സുഹൃത്ത് ശിവനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 2023 ആഗസ്റ്റ് 12-നാണ് കുഞ്ഞിന്റെ മൃതദേഹം വളഞ്ഞവട്ടം പള്ളിയോട് ചേർന്നുള്ള ചതുപ്പിൽ കണ്ടെത്തുന്നത്. പാലക്കാട് മീനാക്ഷിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മീൻകട ഡാമിന് സമീപം ചെമ്മണ്ണത്തോട് എസ്.ടി കോളനിയിലെ പ്രമോട്ടറായിരുന്നു മഞ്ജു. നാടോടി കുടുംബമായിരുന്നു ഇവരുടേത്. ഭർത്താവുമായി തെറ്റിയ മഞ്ജു കുഞ്ഞുമായി നാടുവിട്ടു. ആലപ്പുഴയിൽവെച്ചാണ് നാടോടിയായ ശിവനെ പരിചയപ്പെടുന്നത്. തുടർന്ന് ചങ്ങനാശ്ശേരിയിലെ കടത്തിണ്ണകളിലായിരുന്നു താമസം. മഞ്ജുവും ശിവനും ചങ്ങനാശ്ശേരിയിലെ കടത്തിണ്ണയിൽ രാത്രിയിൽ ഒരുമിച്ചിരിക്കുമ്പോൾ കുട്ടി കരഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ശിവൻ, കുട്ടിയുടെ കഴുത്തിൽ അമർത്തിപ്പിടിക്കുകയായിരുന്നു. മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ ശിവൻ അനുജനായ ശക്തിയെ വിളിച്ചുവരുത്തി. ശക്തിയുടെ സ്കൂട്ടറിൽ ശിവനും മഞ്ജുവും ചേർന്ന് മൃതദേഹം വളഞ്ഞവട്ടത്തെ ചതുപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ശിവനുമായി പിണങ്ങിയ മഞ്ജു നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പല സ്ഥലങ്ങളിൽ സഞ്ചരിച്ചു പഴയ സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുകയാണിവർ. ഇവർ കഴിഞ്ഞദിവസം മുതലമട ചെമ്മണം തോട്ടിലെത്തിയപ്പോൾ പരിചയമുള്ള പൊതുപ്രവർത്തക ബീന ഷാജി, മഞ്ജുവിന്റെ എട്ടു വയസ്സുകാരൻ മകനോട് സഹോദരിയെക്കുറിച്ചു ചോദിക്കുകയായി. അനുജത്തിയെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയെന്ന് എട്ടുവയസ്സുകാരൻ പറഞ്ഞതോടെ കേസിൽ നിർണായക വഴിത്തിരിവായി. തുടർന്ന്, മകനെ മഞ്ജു രൂക്ഷമായി നോക്കുകയും ചെയ്തപ്പോൾ സംശയം തോന്നിയ ബീന കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. സ്ഥലത്തെ എസ്.ടി പ്രമോട്ടർ വിവരം മീനാക്ഷിപുരം പൊലീസിൽ അറിയിച്ചു. തുടർന്ന് പുളിക്കീഴിലെ ചതുപ്പിൽ 2023ൽ കണ്ടെത്തിയ മൃതദേഹം ഈ കുഞ്ഞിന്റേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കൈപ്പത്തിയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്ന് അന്വേഷണം നടന്നെങ്കിലും കുഞ്ഞിനെ കാണാതായതായി പരാതികളൊന്നും ലഭിക്കാത്തതിനാൽ കേസ് വഴിമുട്ടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button