അടിയേറ്റ് തെറിച്ചുവീണെന്ന് കള്ളമൊഴിയുണ്ടാക്കി’ വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ വെളിപ്പെടുത്തലുമായി വനിതാ SI
‘
കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ്‌ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ദീപ്തിയാണ് എസ്‌ഐടിക്ക് മൊഴി നല്‍കിയത്. ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് ദീപ്തിയുടെ മൊഴിയെന്ന പേരില്‍ മുന്‍ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ആദ്യ അന്വേഷണസംഘം തന്റെ മൊഴി എടുത്തിട്ടേയില്ലായിരുന്നെന്നും ദീപ്തി മൊഴി നല്‍കി. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു ദീപ്തി. എസ്‌ഐടി നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ പേരില്‍ വ്യാജമൊഴി ഉണ്ടാക്കിയ വിവരം താനറിയുന്നതെന്നും അവര്‍ പറഞ്ഞു. നേരത്തെ, വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ ഗണ്‍മാന്‍ അഭിലാഷിന്റേയും നിര്‍ണായക മൊഴി പുറത്തുവന്നിരുന്നു. കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന മൊഴി നല്‍കിയത് വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു അദ്ദേഹം മൊഴി നല്‍കിയിരുന്നത്. തൊട്ടുപിന്നാലെയാണ് അന്ന് കൂടെയുണ്ടായിരുന്ന വനിതാ എസ്‌ഐയുടെയും മൊഴി പുറത്തുവന്നിരിക്കുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ 16 ദിവസത്തോളം റിമാന്‍ഡിലായിരുന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയാതാരാണെന്ന കാര്യവും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വധശ്രമം നടത്തിയിട്ടില്ലെന്നും കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടത്തിയതെന്നുമായിരുന്നു കെഎസ്‌യുവിന്റെ നിലപാട്.





