10 വർഷത്തിനിടെ ആരോഗ്യ മേഖലയിലെ ചെലവ് കുതിച്ചുയർന്നു; സർക്കാർ ചെലവ് മൂന്നിരട്ടി, ജനങ്ങളുടെ ചെലവ് കുറഞ്ഞു
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ ആരോഗ്യ മേഖലയിലെ സർക്കാർ ചെലവ് മൂന്നിരട്ടിയായി വർധിച്ചു. അതേസമയം, ചികിത്സക്കായി ജനങ്ങൾ നേരിട്ട് വഹിക്കേണ്ടി വരുന്ന ചെലവിന്റെ വിഹിതം കുത്തനെ കുറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ദേശീയ ആരോഗ്യ കണക്ക് 2023-24ലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.2013-14 ൽ 1.30 ലക്ഷം കോടി രൂപയായിരുന്ന സർക്കാറിന്റെ ആരോഗ്യ ചെലവ് 2023-24ൽ 4.14 ലക്ഷം കോടി രൂപയായി ഉയർന്നു. ആകെ ആരോഗ്യ ചെലവിൽ സർക്കാറിന്റെ വിഹിതം 14.9 ശതമാനം പോയന്റ് വർധിച്ചു. അതേസമയം, ജനങ്ങൾ നേരിട്ട് വഹിക്കേണ്ട ചെലവ് 64.2 ശതമാനത്തിൽ നിന്ന് 42.7 ശതമാനമായി കുറഞ്ഞു. 21.5 ശതമാനം പോയന്റിന്റെ കുറവാണിത്. കഴിഞ്ഞ വർഷം മാത്രം ഈ ചെലവ് 43.4 ശതമാനത്തിൽ നിന്ന് 42.7 ശതമാനത്തിലേക്ക് താഴ്ന്നു.സൗജന്യ ചികിത്സ, മരുന്ന്, രോഗനിർണയ പരിശോധന എന്നിവ കൂടുതൽ പേരിലേക്ക് എത്തിയതാണ് ഈ കുറവിന് പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഒരാൾക്ക് വേണ്ടി സർക്കാർ ചെലവിടുന്ന തുകയിലും വലിയ വർധനയുണ്ടായി. 2013-14 ൽ 1,042 രൂപയായിരുന്നത് 2023-24 ൽ 2,959 രൂപയായി ഉയർന്നു. ഏകദേശം 2.8 ഇരട്ടിയുടെ വർധനയാണിത്.പ്രാഥമിക ആരോഗ്യ മേഖലക്കാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകിയത്. ഇതിനായി മാത്രം 1.53 ലക്ഷം കോടി രൂപയാണ് ചെലവിട്ടത്. ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ വഴി പ്രതിരോധ പരിശോധന, അവശ്യ മരുന്ന്, രോഗനിർണയം എന്നീ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ട്.സാമൂഹിക സുരക്ഷാ പദ്ധതികൾക്കായുള്ള ആരോഗ്യ ചെലവ് ആകെ ആരോഗ്യ ചെലവിന്റെ 6 ശതമാനത്തിൽ നിന്ന് 11 ശതമാനമായി ഉയർന്നു. ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ എന്നിവയാണ് ഈ വർധനക്ക് പ്രധാന കാരണം. സ്വകാര്യ ആരോഗ്യ ഇൻഷുറൻസിന്റെ വ്യാപനവും ഗണ്യമായി കൂടി. ആകെ ആരോഗ്യ ചെലവിലെ വിഹിതം 3.4 ശതമാനത്തിൽ നിന്ന് 10.2 ശതമാനമായി ഉയർന്നു.സൗജന്യ മരുന്ന്, രോഗനിർണയ പദ്ധതികൾ, ഡയാലിസിസ് പരിപാടി, ജൻ ഔഷധി കേന്ദ്രങ്ങൾ, അമൃത് ഫാർമസികൾ, മരുന്ന് വില നിയന്ത്രണം എന്നിവയും ഈ മാറ്റത്തിന് സഹായകമായതായി റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ ചെലവിന്റെ ഭാരം ജനങ്ങളിൽ നിന്ന് സർക്കാരിലേക്ക് മാറുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. ദേശീയ ആരോഗ്യ സംവിധാന റിസോഴ്സ് സെന്റർ തയ്യാറാക്കിയ പതിനൊന്നാമത് കണക്കെടുപ്പാണിത്.





