മെസി തട്ടിപ്പ് കേസ്; വി. അബ്ദുറഹിമാനെതിരെ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ
തിരുവനന്തപുരം: മെസിയുടെ പേരിൽ നടന്ന തട്ടിപ്പ് കേസിൽ മുൻമന്ത്രി വി. അബ്ദുറഹിമാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ തീരുമാനം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുക. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവർണറുടെ അനുമതി ലഭിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിൽ നിന്ന് ഇതുസംബന്ധിച്ച നിർദേശം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, 11, 13(1)(എ), 13(2) എന്നിവ പ്രകാരമായിരിക്കും നടപടി. വി. അബ്ദുറഹ്മാനെ വൈകാതെ കേസിൽ പ്രതിചേർക്കും. അബ്ദുറഹ്മാനെ കൂടാതെ അദ്ദേഹത്തിന്റെ മുൻ സ്റ്റാഫ് അംഗം സി.സി സത്യപാൽ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ഷറഫ് അലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്താനാണ് നീക്കം. ഇവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും. അറസ്റ്റടക്കമുള്ള തുടർനടപടികളും അന്വേഷണത്തിന്റെ ഭാഗമായി പരിഗണനയിലുണ്ട്. നിലവിൽ കേസിൽ ആൻഡോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് രണ്ടാം പ്രതി. കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ ആകെ പ്രതികളുടെ എണ്ണം അഞ്ചാകും. കേസിൽ മറ്റുള്ളവരുടെ പങ്കും വിശദമായി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.





