18 ദിവസം; തോട്ടിലും കുറ്റിക്കാട്ടിലും തിരഞ്ഞു; ഒടുവിൽ അഭിറാമിനെ കൊല്ലാൻ ഉപയോഗിച്ച ബെൽറ്റും മൊബൈലും കണ്ടെത്തിയത് കിണറ്റിൽ
തിരുവനന്തപുരം: അഭിരാമിന്റെ കൊലപാതകക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണുമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പറമ്പിലെ കിണറ്റിൽ നിന്നാണ് ഇവ കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതി ഉമറാണ് ഇവ കിണറ്റിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.കൊലപാതകം നടന്ന് പതിനെട്ടാം ദിവസമാണ് ബെൽറ്റും മൊബൈൽ ഫോണും പൊലീസ് കണ്ടെടുക്കുന്നത്. പലതവണ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവുകൾ ഒളിപ്പിച്ചത് എവിടെയെന്ന് പറയാൻ പ്രതികൾ കൂട്ടാക്കിയില്ല. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തെളിവുകൾ ഒളിപ്പിച്ചത് എവിടെയെന്ന് രണ്ടാം പ്രതി ഉമർ വെളിപ്പെടുത്തിയത്. മൊബൈൽ ഫോണും ബെൽറ്റും കൊലപാതകം നടന്ന പറമ്പിലെ കിണറ്റിൽ ഉപേക്ഷിച്ചെന്നായിരുന്നു മൊഴി. നേരത്തെ പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതികൾ നൽകിയിരുന്നത്. ഒരാൾ തോട്ടിൽ എറിഞ്ഞുകളഞ്ഞു എന്ന് പറഞ്ഞപ്പോൾ മറ്റെയാൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് പറഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്കാനർ അടക്കം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾക്ക് തന്നെ തെളിവുകൾ എവിടെയാണ് ഒളിപ്പിച്ചതെന്ന് പറയേണ്ടിവന്നത്.





