കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

തിരുവനന്തപുരം: കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരം കടയ്‌ക്കാവൂരിലാണ് സംഭവം. ഛർദി, വയറിളക്കം, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 12 പേർ ചികിത്സയിലാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.കടയ്‌ക്കാവൂർ തെക്കുംഭാഗം എസ്.ആർ.വി. എൽ.പി. സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന ‘സിഗ്നേച്ചർ ഡിഷസ്’ എന്ന ഭക്ഷണശാലയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഷവർമയും ഷവായയും കഴിച്ചവരാണ് കൂടുതലായും ഭക്ഷ്യവിഷബാധയ്‌ക്ക് ഇരയായത്.ഭക്ഷണശാല അടുത്തിടെയാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യം കപ്പയും ബീഫുമായിരുന്നു പ്രധാന വിഭവങ്ങളായി വിറ്റിരുന്നത്. പിന്നീട് ഷവർമ, ഷവായ തുടങ്ങിയ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ ഉൾപ്പെടുത്തി. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഓപ്പണിങ് കോംബോ ഓഫർ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ഇവിടെ നിന്ന് ഭക്ഷണം വാങ്ങിയത്.ഭക്ഷണം കഴിച്ച മണിക്കൂറുകൾക്കകം വയറിളക്കം, ഛർദി, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്‌ക്കാവൂരിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. വീട്ടിലേക്ക് പാർസലായി ഷവായയും ഷവർമയും വാങ്ങിക്കൊണ്ടുപോയവർക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം.സംഭവത്തെ തുടർന്ന്  ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി ഭക്ഷണശാല അടച്ചുപൂട്ടി. പ്രാഥമിക പരിശോധനയിൽ മതിയായ ലൈസൻസും മറ്റ് നിർബന്ധ രേഖകളും ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി.ഭക്ഷണസാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം ലഭിച്ച ശേഷമാകും തുടർനിയമനടപടികൾ സ്വീകരിക്കുകയെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button