
ന്യൂഡൽഹി: അംഗീകാരമില്ലാതെ 334 പാർട്ടികളെ പട്ടികയിൽ നിന്നും നീക്കം ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 2019 മുതൽ ഒരു തെരഞ്ഞെടുപ്പുകളിൽ പോലും മത്സരിക്കാനോ, രാജ്യത്ത് ഒരിടത്ത് പോലും ഓഫീസ് സംവിധാനങ്ങൾ സജ്ജീകരിക്കാനോ കഴിയാതെ കടലാസ് പാർട്ടികളായി മാറിയവയെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്നും നീക്കംചെയ്തത്. കേരളത്തിൽ നിന്നുള്ള ആർ.എസ്.പി (ബോൾഷെവിക്) ഉൾപ്പെടെ ഏഴ് പാർട്ടികളും പട്ടികയിലുണ്ട്. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ (മാർക്സിസ്റ്റ്), സോഷ്യലിസ്റ്റ് റിപ്പബ്ലികൻ പാർട്ടി എന്നിവയാണ് കേരളത്തിൽ നിന്നുള്ള മറ്റു പാർട്ടികൾ. കഴിഞ്ഞ ആറുവർഷമായി പ്രവർത്തനങ്ങളോ, തെരഞ്ഞെടുപ്പ് പങ്കാളിത്തമോ ഇല്ലാതെ നിഷ്ക്രിയമായി കിടക്കുന്ന പാർട്ടികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ആർ.എസ്.പി ബി ഉൾപ്പെടെ 344 പാർട്ടികളെയും നീക്കം ചെയ്യുന്നത്. മുൻ മന്ത്രിയും കേരള രാഷ്ട്രീയത്തിലെ പ്രമുഖനുമായ ബേബി ജോണിന്റെ നേതൃത്വത്തിലായിരുന്നു ആർ.എസ്.പി (ബോൾഷെവിക്) 2001ൽ രൂപം കൊള്ളുന്നത്. 2005ൽ ആർ.എസ്.പി ബേബിജോൺ വിഭാഗം രൂപീകരിച്ച് ഷിബു ബേബിജോണിന്റെ നേതൃത്വത്തിൽ പ്രവർത്തനം സജീവമായി. ബാബു ദിവാകരനും എ.വി താമരാക്ഷനുമായിരുന്നു ആർ.എസ്.പി -ബോൾഷെവികിനെ നയിച്ചത്. ഇതാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തിരിക്കുന്ന കേരളത്തിലെ പ്രധാന പാർട്ടികളിലൊന്നായി മാറിയത്.1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ അനുസരിച്ച് ആണ് ഈ നടപടികൾ. രജിസ്ട്രേഷൻ സമയത്ത് പാർട്ടികൾ പേര്, വിലാസം, ഭാരവാഹികൾ തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ ഉടൻ തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം എന്നും ചട്ടമുണ്ട്.രാജ്യത്ത് ആറ് ദേശീയ പാർട്ടികൾപുതിയ പട്ടിക പ്രകാരം രാജ്യത്ത് ആറ് ദേശീയ പാർട്ടികളാണ് ഇപ്പോഴുള്ളത്. ബി.ജെ.പി കോൺഗ്രസ്, സി.പി.എം, ബിഎസ്.പി, എ.എ.പി, എൻ.പി.പി എന്നിവക്കാണ് ദേശീയ പാർട്ടി പദവിയുള്ളത്. സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ്, സമാജ്‍വാദി പാർട്ടി എന്നിവയാണ് സംസ്ഥാന പദവിയുള്ള പാർട്ടികൾ. 67 സംസ്ഥാന പദവിയുള്ള പാർട്ടികളാണ് കമ്മീഷൻ ലിസ്റ്റ് ചെയ്ത്.
