ചുവപ്പ് കാർഡ്, നാടകീയം, ഗോൾമഴ; ഖത്തറിനെതിരെ ആറാടി കാനഡ

വാൻകൂവർ: എതിരില്ലാത്ത ആറു ഗോളുകൾക്ക് ഖത്തറിനെ തോൽപ്പിച്ച് കാനഡ. ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് മികവിലാണ്(29,45+3, 90+2) ആതിഥേയർ തകർപ്പൻ ജയം സ്വന്തമാക്കിയത്. രണ്ട് ഖത്തർ താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഒൻപത് പേരുമായാണ് രണ്ടാം പകുതിയിൽ ഖത്തർ കളിച്ചത്. സിൽ ലാറിൻ(16), നഥാൻ സാലിബ(64) എന്നിവരാണ് മറ്റു ഗോൾ സ്‌കോറർ. മുഹമ്മദ് മനായിയുടെ സെൽഫ് ഗോളും(75) കാനഡക്ക് അനുകൂലമായി. മലയാളത്തി താരം തഹ്‌സിൻ മുഹമ്മദ് കാനഡക്കെതിരെയും ഖത്തർ നിരയിൽ ഇറങ്ങിയില്ല.ഖത്തർ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ തുടക്കത്തിലെ ആലസ്യത്തിന് ശേഷം കനേഡിയൻ താരങ്ങൾ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. 16ാം മിനിറ്റിൽ കാനഡ ആദ്യ ഗോൾ സ്വന്തമാക്കി. ജോനാഥൻ ഡേവിഡിന്റെ തകർപ്പൻ വോളി ഖത്തർ ഗോൾ കീപ്പർ മഹ്‌മൂദ് അബുൻഡ തട്ടിയകറ്റി. എന്നാൽ റീബൗണ്ട് വലയിലെത്തിച്ച് കൈൽ ലാരിൻ ആതിഥേയർക്ക് ലീഡ് സമ്മാനിച്ചു(1-0). ആദ്യ ഗോളിന്റെ ഞെട്ടലിൽ നിൽക്കെ കാനഡ രണ്ടാമതും വലകുലുക്കി. ഇത്തവണ ഷോട്ടുതിർത്ത ജൊനാഥൻ ഡേവിഡിന് പിഴച്ചില്ല. ഖത്തർ ഗോൾകീപ്പറെ മറികടന്ന് വലയിൽ. മത്സരത്തിന്റെ 33ാം മിനിറ്റിൽ ഹൊമാം അഹമ്മദ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഏഷ്യൻ ടീമിന് തിരിച്ചടിയായി. ടജോൺ ബുച്ചാനനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനാണ് റഫറിയുടെ തീരുമാനം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കാനഡ മൂന്നാം ഗോളും സ്വന്തമാക്കി. കൈൽ ലാരിന്റെ ഹെഡ്ഡർ ഖത്തർ ഗോളി തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ ജൊനാഥൻ ഡേവിഡിന്റെ കൃത്യമായ ഫിനിഷ്. നാടകീയ നീക്കങ്ങളാണ് രണ്ടാം പകുതിയിൽ കണ്ടത്. 50ാം മിനിറ്റിൽ കാനഡൻ താരം ഇസ്മായിൽ കോനെക്കെതിരെ ഖത്തർ താരം അസിം മഡിബോയിയുടെ മാരകഫൗൾ. വാർ പരിശോധനക്ക് ശേഷം ഖത്തർ താരത്തിന് റെഡ് കാർഡ്. കാൽ ഒടിഞ്ഞുപോയ കോനെയെ സ്ട്രക്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാകും. മാരക ഫൗളിനെ തുടർന്ന് കളത്തിൽ ഇരു ടീമുകളും തമ്മിൽ കൈയ്യാങ്കളിയിൽ ഏർപ്പെടുകയും ചെയ്തു. രണ്ട് റെഡ്കാർഡ് വാങ്ങിയതോടെ കളത്തിൽ എട്ടുപേരായി ചുരുങ്ങിയ ഖത്തറിനെതിരെ കാനഡ തുടരെ ആക്രമിച്ചു കളിച്ചു. 62ാം മിനിറ്റിൽ മികച്ചൊരു ഫ്രീകിക്കിലൂടെ നേഥൻ സാലിബ നാലാം ഗോൾ കണ്ടെത്തി. 75ാം മിനിറ്റിൽ കാനഡ താരം ഷാഫെൽബർഗിന്റെ ഷോട്ട് റിഫ്‌ളെക്ടായി വലയിൽ കയറിയതോടെ ഗോൾ അഞ്ചായി ഉയർന്നു. ഇഞ്ചുറി ടൈമിൽ നേഥൻ സാലിബയുടെ അസിസ്റ്റിൽ ജൊനാഥൻ ഡേവിഡ് ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ചു. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ മികച്ച വിജയമാണിത്.മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്വിറ്റ്‌സർലൻഡ് ബോസ്‌നിയയെ തോൽപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ യോഹാൻ മൻസാംബി(74,90) ഇരട്ടഗോളുമായി തിളങ്ങി. 74 മിനിറ്റുവരെ ഗോൾരഹിത സമനിലയിലായിരുന്ന മത്സരത്തിൽ പിന്നീട് അഞ്ച് ഗോളുകൾ പിറക്കുകയായിരുന്നു. ജയത്തോടെ സ്വിറ്റ്‌സർലൻഡ് പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തെത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button