ഇംഗ്ലണ്ടിനെ തളച്ച് ഘാന; ബുഡിമർ ഗോളിൽ പനാമ കടന്ന് ക്രൊയേഷ്യ
ടൊറന്റോ: ഫിഫ ലോകകപ്പിൽ ജയത്തോടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കിയ ഇംഗ്ലണ്ടിന് തിരിച്ചടി. ഘാനക്കെതിരായ ഗ്രൂപ്പിലെ രണ്ടാം മത്സരം ഗോൾ രഹിത സമനിലയിൽ. ഇതോടെ ത്രീലയൺസിന് റൗണ്ട് ഓഫ് 32 ഉറപ്പിക്കാൻ പനാമക്കെതിരായ അവസാന മത്സരം വരെ കാത്തിരിക്കണം. അതേസമയം, പനാമയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ക്രൊയേഷ്യ ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി. 54ാം മിനിറ്റിൽ ആന്റെ ബുഡിമറാണ് വലകുലുക്കിയത്.മത്സരത്തിലുടനീളം 19 ഷോട്ടുകളാണ് ഇംഗ്ലണ്ട് ഘാനക്കെതിരെ ഉതിർത്തത്. എന്നാൽ സമനിലപ്പൂട്ട് പൊളിക്കാനാൻ തോമസ് തുഹേലിന്റെ സംഘത്തിനായില്ല. എൽ ഗ്രൂപ്പിൽ ഇരുടീമുകൾക്കും ഇപ്പോൾ ഒരു മത്സരം ബാക്കിനിൽക്കെ നാല് പോയന്റ് വീതമാണുള്ളത്. ആദ്യ പകുതിയിലെ ഗോൾ രഹിത സമനിലക്ക് ശേഷമാണ് ക്രൊയേഷ്യ വിജയം സ്വന്തമാക്കിയത്. 53ാം മിനിറ്റിൽ ഇടതുവിങിൽ നിന്ന് ബോക്‌സിലേക്ക് മുന്നേറിയ ജോസിപ് സ്റ്റാനിസ്‌ക് നൽകിയ ക്രോസ് ക്രൊയേഷ്യയുടെ ആന്റെ ബുഡിമർ കൃത്യമായി ഫിനിഷ് ചെയ്യുകയായിരുന്നു.





