പ്രിയദർശിനി പദ്ധതി തുടരാം’; സൗജന്യയാത്ര നിർത്തലാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാത്പര്യ ഹരജി തള്ളി ഹൈക്കോടതി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹരജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സൗജന്യയാത്രാ പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയിൽ വന്ന ഹരജി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ സർക്കാർ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായ രൂപീകരണം നടത്തിയിട്ടില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവർഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യത. ഇത് താങ്ങാൻ പറ്റാത്ത ഭാരമാകുമെന്നും ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിൽ ആരോപണമുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീർപ്പാകുന്നത് വരെ പദ്ധതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button