വലനിറച്ച് ഡെംബലെ, വഴിയൊരുക്കി എംബാപ്പെ; നോർവെയെ വീഴ്ത്തി ഫ്രഞ്ച് തേരോട്ടം

ബോസ്റ്റൺ: ഫിഫ ലോകകപ്പ് ഫുട്ബാളിൽ നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ ആധികാരിക ജയം. ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് തികച്ച ഉസ്മാൻ ഡെംബലെയുടെ തകർപ്പൻ പ്രകടനമാണ് ഫ്രാൻസിന് വമ്പൻ ജയം സമ്മാനിച്ചത്. ഫ്രാൻസിനായി കിലിയൻ എംബാപ്പെ രണ്ട് അസിസ്റ്റുകളുമായി കളംനിറഞ്ഞപ്പോൾ, ഡെസിറെ ഡ്യൂവെ അവസാന നിമിഷം വലകുലുക്കി. തിയോ ആസ്ഗാർഡാണ് നോർവെയുടെ ആശ്വാസ ഗോൾ നേടിയത്. സൂപ്പർ താരം എർലിങ് ഹാലണ്ടിനും മാർട്ടിൻ ഒഡേഗാർഡിനും വിശ്രമം അനുവദിച്ച് 10 മാറ്റങ്ങളുമായാണ് നോർവെ പരിശീലകൻ സ്റ്റെയ്ൽ സോൾബാക്കൻ ടീമിനെ കളത്തിലിറക്കിയത്. നോർവെയുടെ ഈ മാറ്റങ്ങൾ മുതലെടുത്ത ഫ്രാൻസ് തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. മത്സരത്തിന്റെ 7, 20, 32 മിനിറ്റുകളിലായിരുന്നു ഡെംബെലെയുടെ ഗോളുകൾ. എംബാപ്പെയുടെ മുന്നേറ്റങ്ങളിൽ നിന്നാണ് ആദ്യ ഗോളുകൾ പിറന്നത്. 32 മിനിറ്റുകൾക്കുള്ളിൽ തന്നെ ഹാട്രിക്ക് പൂർത്തിയാക്കി ഡെംബലെ ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിനായി ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം താരമായി മാറി (ജസ്റ്റ് ഫോണ്ടെയ്ൻ, കിലിയൻ എംബാപ്പെ എന്നിവർക്ക് ശേഷം). ഡെംബലെയുടെ രണ്ടാം ഗോൾ പിറന്ന് നിമിഷങ്ങൾക്കകം 21-ാം മിനിറ്റിൽ ആസ്ഗാർഡിലൂടെ നോർവെ ഒരു ഗോൾ മടക്കിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തെ പിന്നീട് ഭേദിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ മികച്ച തുടക്കം ലഭിച്ച നോർവെയ്ക്ക് 50-ാം മിനിറ്റിൽ അനുകൂലമായി പെനാൽറ്റിയും ലഭിച്ചു. എന്നാൽ സ്ട്രാൻഡ് ലാർസൻ എടുത്ത കിക്ക് ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മൈനാൻ തകർപ്പൻ ഡൈവിലൂടെ തട്ടിയകറ്റി. നോർവെയുടെ തിരിച്ചുവരവ് മോഹങ്ങൾക്കേറ്റ വലിയ തിരിച്ചടിയായിരുന്നു ഇത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+4′) ബ്രാഡ്‌ലി ബാർകോളയുടെ പാസിൽ നിന്ന് ഡെസിറെ ഡ്യൂവ് മനോഹരമായൊരു ഹെഡറിലൂടെ ഫ്രാൻസിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി (4-1). ഗ്രൂപ്പ് ഐ-യിൽ നിന്ന് അപരാജിതരായി ഒന്നാം സ്ഥാനക്കാരായാണ് ലോകകപ്പ് ഫേവറൈറ്റുകളായ ഫ്രാൻസിന്റെ മുന്നേറ്റം. അടുത്ത ചൊവ്വാഴ്ച ന്യൂജഴ്‌സിയിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ മികച്ച മൂന്നാം സ്ഥാനക്കാരെയാകും ഫ്രാൻസ് നേരിടുക. പരാജയപ്പെട്ടെങ്കിലും നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്ന നോർവെയും അടുത്ത റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. ഡാളസിൽ നടക്കുന്ന മത്സരത്തിൽ ഐവറികോസ്റ്റാണ് നോർവെയുടെ എതിരാളികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button