കണ്ണൂരിനെ തകർത്ത് തൃശൂർ മാജിക് ; പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി
തൃശൂർ : സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിനെതിരെ തൃശൂർ മാജിക്കിന് തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് നടന്ന മത്സരം തൃശൂർ വിജയിച്ചത്. ടീമിനായി വാലെന്റൈൻ, സിലജിത്ത് സാൻഡ്ര എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ കണ്ണൂരിനെ ഗോൾ വ്യത്യാസത്തിൽ മറികടന്ന് തൃശൂർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഇരുടീമിനും നിലവിൽ ഏഴ് പോയിന്റ് വീതമാണുള്ളത്.രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ജോബിൻ ജോസഫ് റെഡ് കാർഡ് കണ്ട് പുറത്ത് പോയതോടെ കണ്ണൂർ പത്ത് പേരുമായാണ് മത്സരം കളിച്ചവസാനിപ്പിച്ചത്. സീസണിലെ കണ്ണൂരിന്റെ അഞ്ചാം തോൽവിയാണിത്. ആദ്യ നാലിൽ സ്ഥാനമുറപ്പിക്കാൻ ഇരുടീമിനും ഇനിയുള്ള മത്സരങ്ങൾ വിജയിക്കുക നിർബന്ധമാണ്.





