കേന്ദ്രമന്ത്രിയുടെ വ്യാജ വീഡിയോ കാട്ടി തട്ടിപ്പ്; വടകര സ്വദേശികളായ ദമ്പതികൾക്ക് നഷ്ടമായത് മൂന്ന് ലക്ഷം
വടകര: സൈബർ തട്ടിപ്പിൽ വടകര സ്വദേശികളായ ദമ്പതികൾക്ക് നഷ്ടമായത് മൂന്ന് ലക്ഷം രൂപ. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റെ വ്യാജ വീഡിയോയിലൂടെ തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികളിൽ നിന്നും പണം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് വടകര സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജോലിയിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്ന ദമ്പതികളാണ് തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്ക് പരസ്യത്തിലൂടെയാണ് തട്ടിപ്പ് സംഘം ഇവരെ വലയിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റേതടക്കമുള്ള വ്യാജ വീഡിയോകൾ ഉപയോഗപ്പെടുത്തി. ആദ്യം ചെറുതുകയാണ് ഇവർ നിക്ഷേപിച്ചത്. ഇതിന് വാഗ്ദാനം ചെയ്ത നേട്ടങ്ങൾ നൽകിക്കൊണ്ട് ദമ്പതികളുടെ വിശ്വാസ്യത നേടിയെടുക്കുകയായിരുന്നു.
പിന്നീട് മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചു. ഇതിന് ബെനിഫിറ്റ് ഒന്നും നൽകാതെ തന്നെ ആറ് ലക്ഷം കൂടി നിക്ഷേപിക്കാൻ ദമ്പതികളെ പ്രേരിപ്പിച്ചു. ഇതുപ്രകാരം ആറ് ലക്ഷം രൂപ ബാങ്കിൽ നിന്നും എടുത്ത് മടങ്ങവേ ബാങ്ക് ജീവനക്കാരന് സംശയം തോന്നി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാകാമെന്ന സംശയം ഉയർന്നത്. ഇതോടെ വടകര സൈബർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.





