പ്രിയങ്ക ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ട്: മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് ബസ് അനുവദിച്ചു
പ്രിയങ്ക ഗാന്ധി എം.പിയുടെ 2025–26 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് അനുവദിച്ച സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കർമം വണ്ടൂർ കാരാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിയങ്ക ഗാന്ധി എം.പി നിർവഹിച്ചു. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എം.എല്‍.എ തുടങ്ങിയവർ പങ്കെടുത്തു. 1.08 കോടി രൂപ ചെലവഴിച്ചാണ് അഞ്ച് സ്കൂളുകൾക്കായി ബസുകൾ അനുവദിച്ചത്.
കാപ്പിൽ ഗവൺമെന്റ് ഹൈസ്കൂൾ (24 ലക്ഷം രൂപ), എടവണ്ണ കുണ്ടുതോട് ജി.എം.എൽ.പി സ്കൂൾ (20 ലക്ഷം രൂപ), വഴിക്കടവ് മാമാങ്കര ജി.എൽ.പി സ്കൂൾ (20 ലക്ഷം രൂപ), കരുവാരക്കുണ്ട് പഴയകടക്കൽ ഗവൺമെന്റ് യു.പി സ്കൂൾ (24 ലക്ഷം രൂപ), അമരമ്പലം പറമ്പ ഗവൺമെന്റ് യു.പി സ്കൂൾ (20 ലക്ഷം രൂപ) തുടങ്ങിയവയ്ക്കാണ് ബസുകൾ ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലിപ്പറ്റ ജമീല, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. അഫീഫ (അമരമ്പലം), പി. റംലത്ത് (വഴിക്കടവ്), കെ.ടി ഷംസുദ്ദീൻ (വണ്ടൂർ), ബ്ലോക്ക് പഞ്ചായത്ത് അംഗം സിറാജുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമേശൻ, ഷിബില, പി.ടി.എ പ്രസിഡന്റ് പൈക്കാടൻ ഷിബു, എസ്.എം.സി ചെയർമാൻ ജ്യോതിഷ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് വി. രജനി തുടങ്ങിയവർ പങ്കെടുത്തു.





