പാലും ക്രീമുമല്ല, ആദ്യമുണ്ടായത് മഞ്ഞിൽ നിന്ന്! ഐസ്ക്രീം ഉണ്ടായതിന് പിന്നിലെ ചരിത്രം
കൊടും വേനലായാലും ശരി, മഴയായാലും ശരി ഇത്തിരി ഐസ്ക്രീം കഴിക്കാൻ അങ്ങനെ പ്രത്യേകിച്ച് നേരവും കാലവും ഒന്നും ആരും നോക്കാറില്ല. ഐസ്ക്രീം എങ്ങനെ ഉണ്ടായി എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ നെഞ്ചിലേറ്റിയ ഈ മധുരപലഹാരം പെട്ടെന്നൊരു ദിവസം ആരെങ്കിലും വികസിപ്പിച്ചെടുത്ത ഒന്നല്ല. ഇന്ന് നമ്മൾ കഴിക്കുന്ന പാലും ക്രീമും ചേർത്ത ഐസ്ക്രീമിന്റെ രൂപത്തിലേക്ക് എത്തുന്നതിന് മുമ്പ്, ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട രസകരമായ ഒരു പരിണാമ ചരിത്രം ഇതിന് പിന്നിലുണ്ട്. പ്രകൃതിദത്തമായ മഞ്ഞും പഴച്ചാറുകളും ചേർത്ത ലളിതമായ ഒരു വിഭവത്തിൽ നിന്നാണ് ഇന്നത്തെ ആഗോള ഐസ്ക്രീം വ്യവസായം ഉടലെടുത്തത്. ഐസ്ക്രീമിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അതിന്റെ ആദ്യ രൂപങ്ങൾ കണ്ടെത്താനാകുന്നത് പുരാതന ചൈനയിലാണ്. ബിസി രണ്ടാം നൂറ്റാണ്ടിൽ ചൈനയിലെ രാജകുടുംബങ്ങളിലും ഭരണാധികാരികൾക്കിടയിലും മഞ്ഞും മധുരവും ചേർത്ത പ്രത്യേക മിശ്രിതങ്ങൾ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു. പ്രകൃതിദത്തമായ മഞ്ഞിലേക്ക് പഴച്ചാറുകളും തേനും പാലും ചേർത്ത് തണുപ്പിച്ചെടുത്ത ഒരു വിഭവമാണ് അവർ കഴിച്ചിരുന്നത്. ഇതാണ് ഐസ്ക്രീമിന്റെ ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ രൂപമായി കണക്കാക്കപ്പെടുന്നത്. ചൈനയ്ക്ക് പുറമെ റോമൻ സാമ്രാജ്യത്തിലും സമാനമായ രീതിയിൽ തണുത്ത മധുരപലഹാരങ്ങൾ ഉപയോഗിച്ചിരുന്നു. റോമൻ ചക്രവർത്തിയായിരുന്ന നീറോ പർവതനിരകളിൽ നിന്ന് മഞ്ഞ് ശേഖരിച്ച് കൊണ്ടുവരാൻ ആളുകളെ നിയോഗിച്ചിരുന്നു എന്നാണ് ചരിത്രം. ഈ മഞ്ഞിലേക്ക് വിവിധ തരം പഴച്ചാറുകളും തേനും ചേർത്താണ് അദ്ദേഹം കഴിച്ചിരുന്നത്. പുരാതന കാലത്ത് തണുത്ത വിഭവങ്ങൾ നിർമിക്കുന്നതും സൂക്ഷിക്കുന്നതും വലിയ ചിലവേറിയ കാര്യമായതിനാൽ രാജകുടുംബങ്ങൾക്കും പ്രഭുക്കന്മാർക്കും മാത്രമായി പരിമിതപ്പെടുത്തപ്പെട്ട ഒന്നായിരുന്നു ഈ വിഭവം. പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ പ്രശസ്ത സഞ്ചാരിയായ മാർക്കോ പോളോ ചൈന സന്ദർശിച്ചതിന് ശേഷമാണ് ഐസ്ക്രീമിന്റെ ചരിത്രത്തിൽ വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. ചൈനയിൽ നിലവിലുണ്ടായിരുന്ന, മഞ്ഞും പാലും ചേർത്ത പ്രത്യേക വിഭവത്തിന്റെ നിർമാണ രഹസ്യങ്ങൾ അദ്ദേഹം ഇറ്റലിയിലേക്ക് കൊണ്ടുവന്നു. ഇറ്റലിയിൽ ഈ വിഭവം കൂടുതൽ ജനപ്രിയമാവുകയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് പടരാൻ തുടങ്ങുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ കാതറിൻ ഡി. മെഡിസി എന്ന ഇറ്റാലിയൻ രാജകുമാരി ഫ്രാൻസിലെ ഹെൻറി രണ്ടാമൻ രാജാവിനെ വിവാഹം കഴിച്ച് പോയതോടെയാണ് ഈ വിഭവം ഫ്രഞ്ച് രാജകൊട്ടാരത്തിലും എത്തിയത്. ഫ്രാൻസിലെ ഷെഫുമാരാണ് ഇതിലേക്ക് കൂടുതൽ ക്രീമും ഫ്ലേവറുകളും ചേർത്ത് ഇന്നത്തെ ഐസ്ക്രീമിന്റെ രൂപത്തിലേക്ക് ഇതിനെ മാറ്റിയെടുത്തത്. പതിനെട്ടാം നൂറ്റാണ്ടോടെയാണ് ഐസ്ക്രീം അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് എത്തുന്നത്. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ജോർജ് വാഷിംങ്ടണും തോമസ് ജെഫേഴ്സണും ഐസ്ക്രീമിന്റെ വലിയ ആരാധകരായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി പുതിയ റഫ്രിജറേഷൻ സാങ്കേതികവിദ്യകളും ഐസ്ക്രീം നിർമാണ യന്ത്രങ്ങളും കണ്ടുപിടിച്ചതോടെയാണ് ഈ വിഭവം സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നായി മാറിയത്. ഇന്ത്യയിലെ ഫ്രോസൺ ഡെസേർട്ടുകളുടെ ചരിത്രത്തിന് രണ്ട് വ്യത്യസ്ത ഘട്ടങ്ങളുണ്ട്. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ഭരണകാലത്താണ് ഇന്ത്യയിലെ ആദ്യത്തെ പരമ്പരാഗത ഐസ്ക്രീം രൂപമായ ‘കുൽഫി’ ജനിക്കുന്നത്. പാലും പഞ്ചസാരയും കുറഞ്ഞ തീയിൽ ദീർഘനേരം കുറുക്കി, അതിൽ കുങ്കുമപ്പൂവും അണ്ടിപ്പരിപ്പും ചേർത്ത് ലോഹക്കുഴലുകളിലാക്കി, ഹിമാലയത്തിലെ പർവതനിരകളിൽ നിന്ന് എത്തിക്കുന്ന മഞ്ഞും ഉപ്പും (വെടിയുപ്പ്) നിറഞ്ഞ പാത്രങ്ങളിൽ വെച്ചാണ് അക്കാലത്ത് കുൽഫി തണുപ്പിച്ചെടുത്തിരുന്നത് എന്നാണ് രേഖകൾ. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഭരണകാലത്തെ ഔദ്യോഗിക രേഖയായ ‘ഐൻ-ഇ-അക്ബറി’ൽ ഇതിന്റെ ശാസ്ത്രീയമായ നിർമാണരീതിയെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ഇന്ന് നമ്മൾ കഴിക്കുന്ന പാലും ക്രീമും ചേർത്ത പാശ്ചാത്യ ശൈലിയിലുള്ള ആധുനിക ഐസ്ക്രീം ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലാണ് ഇന്ത്യയിലെത്തുന്നത്. തുടക്കത്തിൽ കൊട്ടാരങ്ങളിലും പ്രഭുക്കന്മാർക്കിടയിലും മാത്രം ഒതുങ്ങിനിന്ന ഈ ആഡംബര വിഭവം, പത്തൊൻപതാം നൂറ്റാണ്ടിൽ ബോംബെയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ഐസ്ക്രീം ഷോപ്പുകൾ ആരംഭിച്ചതിനും പിന്നീട് റഫ്രിജറേഷൻ സാങ്കേതികവിദ്യകൾ രാജ്യത്ത് വ്യാപകമായതിനും ശേഷമാണ് ഇന്ത്യയിലുടനീളം ജനപ്രിയമായി മാറുകയായിരുന്നു. അങ്ങനെയാണ് കൊട്ടാരങ്ങളിലെ ആഡംബര വിഭവമായിരുന്ന ഐസ്ക്രീം ഇന്ന് ലോകമെമ്പാടുമുള്ള തെരുവുകളിൽ ലഭ്യമാകുന്ന ഏറ്റവും ജനപ്രിയ മധുരപലഹാരമായി മാറിയത്.





