തൂഫാൻ വൻ വിജയം, അടുത്തലക്ഷ്യം നിക്ഷേപത്തട്ടിപ്പുകാർ; പോലീസിന് പുതിയ മുഖം നൽകുമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്ത് സാമ്പത്തികത്തട്ടിപ്പുകൾ വർധിച്ചുവരുന്നതായും ഇത്തരം തട്ടിപ്പുകാരെ പൂട്ടുകയാണ് അടുത്തലക്ഷ്യമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ബോർഡുംവെച്ച് രണ്ടുജീവനക്കാരെയും നിയമിച്ചശേഷം നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഒന്നോ, രണ്ടോമാസം പണം നൽകിയശേഷം മുങ്ങും. മലയാളികൾക്ക് ‘എന്നെ പറ്റിച്ചോ’ എന്ന നിലപാടാണുള്ളത്. പാവപ്പെട്ട കുടുംബങ്ങളുടെ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നഷ്‌ടപ്പെടുന്നത്. ഇത്തരം തട്ടിപ്പുകൾ തടയാൻ ഫലപ്രദമായ നടപടി ഉടൻ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തൂഫാൻ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ്. കേരളത്തിലെ ലഹരിവ്യാപനം ഭയാനകമാണ്. ഇതുവരെ 6,182 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6,632 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 35 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. ഭാവിതലമുറയെ രക്ഷിക്കാനുള്ള ദൗത്യമാണ് തൂഫാനെന്നും മന്ത്രി പറഞ്ഞു.

നഗരങ്ങളിലെ രാത്രികാലജീവിതം ഉത്തരവാദിത്വപൂർണമായിരിക്കണം. ഡി.ജെ. പാർട്ടികൾക്ക് എതിരല്ല, എന്നാൽ മയക്കുമരുന്ന് അനുവദിക്കില്ല. കാരവനിൽ മയക്കുമരുന്ന് ഉപയോഗം അനുവദിക്കില്ല. 17,000-ത്തോളം സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് തൂഫാൻ പതാക ഉയർത്തി. 3000-ത്തിലധികം ബോധവത്കരണ സെമിനാറുകൾ നടത്തി. ലഹരിതടയാൻ കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കേന്ദ്ര ഏജൻസികളുടെയും ദക്ഷിണേന്ത്യയിലെ ഡി.ജി.പി.മാരുടെയും യോഗം വിളിച്ച് അവരുടെ സഹായം തേടിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.

എറണാകുളം പ്രസ് ക്ലബ് അംഗങ്ങളെ തൂഫാൻ പോരാളികളായി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി തൂഫാൻ ബാഡ്ജ് ധരിപ്പിച്ചു. സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ മുഖ്യാതിഥിയായി. പ്രസ് ക്ലബ് പ്രസിഡൻറ് ആർ. ഗോപകുമാർ അധ്യക്ഷനായി. സെക്രട്ടറി എം. ഷജിൽ കുമാർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button