തേനിന്റെ പരിശുദ്ധി വീട്ടിൽ തന്നെ പരിശോധിക്കാം; ഫുഡ് സേഫ്റ്റി അതോറിറ്റി നിർദേശിക്കുന്ന രണ്ട് എളുപ്പവഴികൾ…
ഇന്നത്തെ കാലത്ത് നാം വാങ്ങുന്ന മിക്ക ഭക്ഷണസാധനങ്ങളിലും മായം കലർത്തുന്നത് വലിയൊരു വെല്ലുവിളിയാണ്. ആരോഗ്യത്തിന് ഏറെ ഗുണകരമായ തേനിന്റെ കാര്യത്തിലും ഇതേ അവസ്ഥയാണ്. വിപണിയിൽ ലഭിക്കുന്ന തേനിൽ പഞ്ചസാര ലായനിയോ മറ്റ് കൃത്രിമ പദാർത്ഥങ്ങളോ ചേർത്ത് മായം കലർത്താൻ സാധ്യതയുണ്ട്. തേനിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഏറ്റവും നല്ല മാർഗ്ഗം ലാബ് പരിശോധനയാണെങ്കിലും, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) വീട്ടിൽ തന്നെ ചെയ്യാവുന്ന രണ്ട് ലളിതമായ പരിശോധനകൾ നിർദ്ദേശിക്കുന്നുണ്ട്. 1. വെള്ളം ഉപയോഗിച്ചുള്ള പരിശോധന തേനിൽ പഞ്ചസാര ലായനി ചേർത്തിട്ടുണ്ടോ എന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഈ മാർഗം സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് നിറയെ വെള്ളമെടുത്ത് അതിലേക്ക് ഒരു തുള്ളി തേൻ ഒഴിക്കുക. ശുദ്ധമായ തേനാണെങ്കിൽ അത് വെള്ളത്തിൽ അലിയാതെ ഗ്ലാസിന്റെ അടിഭാഗത്തേക്ക് തന്നെ വീഴുകയും അവിടെത്തന്നെ തങ്ങിനിൽക്കുകയും ചെയ്യും. എന്നാൽ, തേനിൽ പഞ്ചസാരയോ മറ്റ് ലായനികളോ ചേർത്തിട്ടുണ്ടെങ്കിൽ, വെള്ളത്തിലേക്ക് ഒഴിക്കുമ്പോൾ തന്നെ അത് വെള്ളവുമായി കൂടിക്കലരുകയോ അലിയുകയോ ചെയ്യും. 2. തിരി ഉപയോഗിച്ചുള്ള പരിശോധന തേനിലെ ഈർപ്പത്തിന്റെ അംശം പരിശോധിക്കാൻ ഈ രീതി സഹായിക്കുന്നു. ഇതിനായി ഒരു കോട്ടൺ തിരി അല്പം തേനിൽ മുക്കിയെടുക്കുക. ശേഷം ഒരു തീപ്പെട്ടി ഉപയോഗിച്ച് ഈ തിരി കത്തിക്കാൻ ശ്രമിക്കുക. തേൻ ശുദ്ധമാണെങ്കിൽ തിരി എളുപ്പത്തിൽ കത്തുന്നതാണ്. എന്നാൽ തേനിൽ മായം കലർത്തുകയോ അമിതമായ ഈർപ്പം ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ, തിരി കത്തുന്നില്ലെന്ന് മാത്രമല്ല, അത് കത്തുമ്പോൾ ഒരുതരം പൊട്ടുന്ന ശബ്ദം കേൾക്കുകയും ചെയ്യും. ഇത്തരം പരിശോധനകൾ തേനിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഒരു പ്രാഥമിക ധാരണ നൽകുമെങ്കിലും, പൂർണമായ കൃത്യത ഉറപ്പുവരുത്താൻ ലബോറട്ടറി പരിശോധന തന്നെയാണ് ഉചിതം. എങ്കിലും വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് അമിതമായ മായം കലർത്തിയ തേൻ തിരിച്ചറിയാൻ ഈ എഫ്.എസ്.എസ്.എ.ഐ നിർദ്ദേശങ്ങൾ നിങ്ങളെ സഹായിക്കും.





