ഐഫോൺ 18 പ്രോ ഡിസൈനിൽ വൻ മാറ്റങ്ങൾ? പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…
ന്യൂയോര്‍ക്ക്: പ്രകടമായ മാറ്റങ്ങളോടെയാവും ‘ഐഫോൺ 18 പ്രോ’ മോഡലുകള്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍. മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ കനമുള്ള ഫോണുകളാകും ഇവയെന്നാണ് ഏറ്റവും പുതിയ സൂചനകൾ. കൂടാതെ, മുൻവർഷത്തെപ്പോലെ ഇത്തവണയും കറുപ്പ് കളർ വേരിയന്റ് ലഭ്യമായേക്കില്ല. വലിയ ബാറ്ററി, മെച്ചപ്പെട്ട കാമറ പെർഫോമൻസ് എന്നിവയാണ് 18 പ്രോ മോഡലുകളെ വ്യത്യസ്തമാക്കുക. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകൾക്ക് നിലവിലെ 17 പ്രോ മോഡലുകളേക്കാൾ ഏകദേശം 2 മി.മീറ്ററോളം കൂടുതൽ കനമുണ്ടായിരിക്കുമെന്നാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്ബോയിലെ പ്രമുഖ ടിപ്‌സ്റ്ററായ ‘ഫിക്സഡ് ഫോക്കസ് ഡിജിറ്റൽ’ വ്യക്തമാക്കുന്നത്. ഇത് ശരിയാണെങ്കിൽ ഫോണിന്റെ ആകെ കനം 10.75 മി.മീറ്ററായി ഉയരും. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ വിവരമാണ് പ്രമുഖ ഡിജിറ്റല്‍ പബ്ലിക്കേഷനായ ‘മാക്‌വേൾഡ്’ പങ്കുവെക്കുന്നത്. ഫോണിന്റെ ബോഡി തിക്ക്നസ്സ് നിലവിലെ 8.75 മി.മീറ്ററിൽ തന്നെ നിലനിർത്തിക്കൊണ്ട്, പുറകിലെ കാമറ ബമ്പ് മാത്രമായിരിക്കും ആപ്പിൾ വലിപ്പം കൂട്ടുകയെന്നാണ് മാക്‌വേൾഡ് വ്യക്തമാക്കുന്നത്. അതിനാൽ അന്തിമ ഡിസൈനിൽ എന്തുമാറ്റമുണ്ടാകുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.അതേസമയം മോഡലുകളുടെ നിറങ്ങളിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ, കറുപ്പ് എന്നീ നിറങ്ങളിൽ ഫോൺ എത്തുമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും, പുതിയ റിപ്പോർട്ടുകൾ പ്രകാരം കറുപ്പ് നിറത്തെ പൂർണ്ണമായി ഒഴിവാക്കിയേക്കും. പകരം ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ എന്നീ കളറുകളായിരിക്കും ഉണ്ടാവുക. തുടർച്ചയായ രണ്ടാം വർഷമാണ് പ്രോ മോഡലുകളിൽ നിന്ന് ബ്ലാക്ക് അല്ലെങ്കിൽ ഡാർക്ക് ഗ്രേ നിറങ്ങൾ കമ്പനി ഒഴിവാക്കുന്നത്. റോയൽ ഡാർക്ക് ഷേഡുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് ഇത് വലിയ നിരാശ നൽകുന്ന വാര്‍ത്തയാണിത്. ഈ മാറ്റങ്ങളെയോ സവിശേഷതകളെയോ കുറിച്ച് ആപ്പിൾ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഔദ്യോഗിക ലോഞ്ച് ഇവന്റിൽ മാത്രമേ ഫോണിന്റെ അന്തിമ ഡിസൈനും മറ്റ് ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തൂ.





