ഫ്രഞ്ച് പടയോട്ടം തടയാൻ മൊറോക്കൻ വൻ മതിൽ; ക്വാർട്ടർ ഫൈനൽ പോരാട്ടം ഇന്ന്

ബോസ്റ്റൺ | 2022 ഫിഫ ലോകകപ്പ് സെമി ഫൈനലിൽ നേർക്കുനേർ വന്ന ഫ്രാൻസും മൊറോക്കോയും ഇത്തവണ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുന്നു. ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ ഫ്രാൻസും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും ഇന്ന് രാത്രി 1.30ന് ബോസ്റ്റണിൽ ഏറ്റുമുട്ടും.
അന്താരാഷ്ട്ര ഫുട്‌ബോളിൽ ഫ്രാൻസും മൊറോക്കോയും ഇതുവരെ എട്ട് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ വ്യക്തമായ മേധാവിത്വം ഫ്രാൻസിനാണ്. അഞ്ച് മത്സരങ്ങളിൽ ഫ്രാൻസ് വിജയിച്ചപ്പോൾ മൊറോക്കോക്ക് വിജയിക്കാനായത് ഒന്നിൽ മാത്രം. രണ്ട് മത്സരങ്ങൾ സമനിലയിലായി. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടമാണ് ഇരു ടീമുകളുടെയും ശ്രദ്ധേയ മത്സരം. അന്ന് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാൻസ് മൊറോക്കോയെ തോൽപ്പിച്ചിരുന്നു. ഇതിന്റെ കണക്ക് തീർക്കൽ കൂടിയുണ്ട് മൊറോക്കോയുടെ ലക്ഷ്യത്തിൽ. 1999ൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് മൊറോക്കോ ഫ്രാൻസിനെതിരെ തങ്ങളുടെ ഏക വിജയം നേടിയത്.
ഫ്രാൻസിന്റെ അതിവേഗക്കളിടൂർണമെന്റിൽ ഇതുവരെ കളിച്ചതിൽ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഫ്രാൻസ്. എന്നാൽ രണ്ടാം നോക്കൗട്ടിൽ പാരഗ്വായ്‌യെ തോൽപ്പിക്കാൻ അവർക്ക് കിലിയൻ എംബാപ്പെയുടെ പെനാൽറ്റി വേണ്ടിവന്നു. പ്രീ ക്വാർട്ടറിൽ ആതിഥേയരായ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് അറ്റ്‌ലസ് ലയൺസ് ക്വാർട്ടറിലേക്ക് മുന്നേറിയത്.ഈ ടൂർണമെന്റിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ ഫ്രാൻസ് അടിച്ചുകൂട്ടിയിട്ടുണ്ട്. തകർപ്പൻ ഫോമിലുള്ള ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ഏഴ് ഗോളുകളോടെ ടൂർണമെന്റിലെ ടോപ് സ്‌കോറർമാരിൽ രണ്ടാം സ്ഥാനത്തുണ്ട്. നോർവേക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക് നേടിയ നിലവിലെ ബലൻ ഡിയോർ പുരസ്‌കാര ജേതാവ് ഉസ്മാനെ ഡെംബലെയും ഫ്രാൻസിന്റെ മുന്നേറ്റത്തിലെ കുന്തമുനയാണ്. വലിയ ടൂർണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങൾ സമ്മർദമില്ലാതെ കളിച്ച് പരിചയമുള്ള വലിയൊരു താരനിര പരിശീലകൻ ദിദിയർ ദെഷാംപ്‌സിനുണ്ട്. മുൻ മത്സരത്തിൽ പരഗ്വായ്‌യുടെ പരുക്കൻ കളി അതിജീവിച്ചും 1-0ന് ജയിച്ചുകയറിയത് ഫ്രാൻസിന്റെ പോരാട്ടശേഷി വ്യക്തമാക്കുന്നതാണ്.
കൗണ്ടർ അറ്റാക്കുകൾഅതേസമയം, ഫ്രാൻസിന്റെ ആക്രമണ ഫുട്‌ബോളിനെ ക്ഷമയോടെയും അച്ചടക്കത്തോടെയും പിടിച്ചുകെട്ടാനാകുമെന്ന ആത്മവിശ്വാസം മൊറോക്കോക്കുണ്ട്. ഗോൾ കീപ്പർ യാസീൻ ബൗനോയും ലോകത്തെ തന്നെ മികച്ച റൈറ്റ് ബാക്കുകളിലൊരാളെന്ന് അറിയപ്പെടുന്ന അശ്‌റഫ് ഹകീമിയുമാണ് മൊറോക്കോയുടെ തുറുപ്പുചീട്ടുകൾ. ഹകീമിയുടെ നേതൃത്വത്തിലുള്ള മൊറോക്കൻ പ്രതിരോധം തകർക്കുക എളുപ്പമല്ല. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ, നെതർലാൻഡ്‌സ് തുടങ്ങിയ കരുത്തരെ സമനിലയിൽ തളച്ച ചരിത്രം മൊറോക്കോക്കുണ്ട്. പ്രതിരോധത്തിലൂന്നി കളിച്ച്, കിട്ടുന്ന അവസരങ്ങളിൽ അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെ ബ്രാഹിം ഡയസ്, ഹകീമി എന്നിവരെ ഉപയോഗിച്ച് ഫ്രാൻസിനെ ഞെട്ടിക്കാൻ മൊറോക്കോക്ക് സാധിക്കും. കാനഡക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിന്റെ 21ാം മിനുട്ടിൽ ഹാംസ്ട്രിംഗ് പരുക്കേറ്റ് ഇസ്മാഈൽ സൈബാരിക്ക് കളം വിടേണ്ടി വന്നത് മൊറോക്കോയെ ആശങ്കപ്പെടുത്തുന്നുണ്ട്. സൈബാരി പൂർണ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കിൽ ഈ റോളിലേക്ക് സുഫിയാൻ റഹീമി വരാനാണ് സാധ്യത കൂടുതൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button