‘രണ്ട് വർഷത്തോളം നീണ്ടുനിന്ന ബന്ധത്തിൽ തനിക്ക് അടിക്കടി പാനിക് അറ്റാക്കുകളും ആങ്സൈറ്റി അറ്റാക്കുകളും നേരിടേണ്ടി വന്നു’ -അനുപമ പരമേശ്വരൻ
അനുപമ പരമേശ്വരന്റെ മുൻകാല ബന്ധത്തെക്കുറിച്ചും ബുദ്ധിമുട്ടേറിയ ഘട്ടത്തെക്കുറിച്ചും അടുത്തിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ രണ്ട് വർഷത്തെ ബന്ധം എങ്ങനെയാണ് മനസിനേയും ശരീരത്തേയും ബാധിച്ചതെന്നും നാർസിസിസ്റ്റിക് അബ്യൂസ് കാരണമുണ്ടായ കടുത്ത മാനസിക സമ്മർദത്തെക്കുറിച്ചുമാണ് താരം ധന്യ വർമ്മയുമൊത്തുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.രണ്ട് വർഷത്തോളം നീണ്ടുനിന്ന ബന്ധത്തിൽ തനിക്ക് അടിക്കടി പാനിക് അറ്റാക്കുകളും ആങ്സൈറ്റി അറ്റാക്കുകളും നേരിടേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. തിനിക്ക് ശരീരത്തെ നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ലെന്നും കാലുകളും കൈകളും വിറയ്ക്കുമായിരുന്നെന്നും കഴിക്കുന്ന ഭക്ഷണം അപ്പോൾ തന്നെ ഛർദിക്കുന്ന അവസ്ഥയിലായിരുന്നെന്നും താരം പറയുന്നുണ്ട്.ഈ അവസ്ഥ തന്റെ വ്യക്തപരമായ ജീവിതത്തെ മാത്രമല്ല, തന്റെ ഷൂട്ടിങ്ങുകളെ വരെ ബാധിച്ചിരുന്നു. അഭിനയത്തിൽ കണ്ണുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാൽ രാത്രി മുഴുവൻ കരയുന്നത് കാരണം കണ്ണീർ ഗ്രന്ഥിയായ ലാക്രിമൽ ഗ്ലാൻഡിന് വീക്കമുണ്ടായി താഴേക്ക് ഇറങ്ങി വന്നു. ഇതു കാരണം ഷൂട്ടിങിനിടയിൽ വലതു കണ്ണ് അടഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായതായും ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നതായും തുടർന്ന് സർജറി നടത്തിയാണ് ലാക്രിമൽ ഗ്ലാൻഡ് തുന്നിച്ചേർത്തതെന്നും താരം പറയുന്നു.ഈ സർജറിയുടെ ഭാഗമായി തന്റെ കണ്ണിലുണ്ടായ വീക്കം പരധ എന്ന സനിമയുടെ പ്രമോഷൻ സമയത്ത് കാണാമെന്നും പറയുന്നു. വേദനകൾ നിറഞ്ഞ ഈ ഘട്ടം തനിക്കൊരിക്കലും മറക്കാൻ കഴിയില്ലെന്നും മാനസികമായുണ്ടായ ആഘാതങ്ങൾ ശരീരത്തിനും മനസിനും ഒരിക്കലും ഉണങ്ങാത്ത വലിയ മുറിവുകളാണ് തന്നിട്ടുള്ളതെന്നുമായിരുന്നു അനുപമയുടെ വാക്കുകൾ.





