സര്‍വം മായം! നിര്‍മ്മ കലക്കിയുണ്ടാക്കിയത് 2.3 കോടി ലിറ്റര്‍ വ്യാജ പാല്‍, വന്‍ തട്ടിപ്പ്

മുംബൈ: പത്തോ നൂറോ അല്ല, 2.3 കോടി ലിറ്റര്‍ പാല്‍. വെറും പാല്‍ അല്ല, ഒന്നാന്തരം നിര്‍മ്മ ഡിറ്റര്‍ജെന്റ് പൊടി കലക്കി നിര്‍മിച്ച പാല്‍. തട്ടിപ്പിന്റെ വ്യാപ്തിയറിഞ്ഞ് അധികൃതര്‍ തന്നെ ഞെട്ടലിലാണ്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലാണ് സംഭവം.

ഭൂം താലൂക്കിലെ പാല്‍ ഫാക്ടറി റെയ്ഡ് ചെയ്ത പൊലീസും ആരോഗ്യ-ഭക്ഷ്യ വകുപ്പ് അധികൃതരുമാണ് കാലങ്ങളായുള്ള വ്യാജ പാല്‍ ഉല്‍പ്പാദന വിവരം പുറത്തുകൊണ്ടുവന്നത്. യഥാര്‍ഥ പാലിനൊപ്പം നിലവാരം കുറഞ്ഞ പാല്‍പ്പൊടിയും ഡിറ്റര്‍ജെന്റ് പൗഡറും കലക്കിയാണത്രെ വ്യാജമായി പാല്‍ നിര്‍മിക്കുന്നത്. ആറ് മാസത്തിനിടെ നിര്‍മിച്ച പാലിന്റെ കണക്കാണ് 2.3 കോടി ലിറ്റര്‍. ഗുണനിലവാരം കുറഞ്ഞ 2.3 ലക്ഷം കിലോഗ്രാം പാല്‍പ്പൊടിയാണ് ഇതിനായി ഉപയോഗിച്ചത്. 9.21 കോടി രൂപ പ്രതികള്‍ വരുമാനമായി നേടിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

100 ലിറ്റര്‍ യഥാര്‍ഥ പാലില്‍ 10 ലിറ്റര്‍ കൃത്രിമ പാല്‍ കലര്‍ത്തുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് പാല്‍ കയറ്റിയയച്ചിരുന്നു. കൃത്രിമ പാല്‍ യഥാര്‍ത്ഥ പാല്‍ പോലെ തോന്നിക്കുന്നതിനും അതില്‍ ആവശ്യമായ കൊഴുപ്പിന്റെ അളവ് നിലനിര്‍ത്തുന്നതിനും വേണ്ടി, പ്രതികള്‍ ഡിറ്റര്‍ജന്റ് പൗഡര്‍, പാം ഓയില്‍, കെമിക്കല്‍ പൗഡര്‍ എന്നിവ ഉപയോഗിച്ചിരുന്നു. ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമായ ഘടകങ്ങളാണിത്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എല്ലാവരും ഒളിവിലാണ്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

രാസപദാര്‍ത്ഥങ്ങളടങ്ങിയ, കൃത്രിമമായി നിര്‍മിക്കുന്ന ഈ പാല്‍ ഉള്ളിലെത്തിയാല്‍ കരള്‍, കിഡ്‌നി, ദഹനവ്യവസ്ഥ എന്നിവയ്‌ക്കെല്ലാം തകരാര്‍ സംഭവിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ ഇത് ഉപയോഗിക്കുന്നത് ഏറെ ദോഷം ചെയ്യും. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button