മലപ്പുറം വണ്ടൂരിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് ഒരാൾ മരണപ്പെട്ടു, 100-ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു

നിലമ്പൂർ : കാളികാവ് ജംഗ്ഷനിലെ വ്യാപാരിയും പെരുന്തറ സ്വദേശിയുമായ അച്ചിപ്ര സത്താർ (45) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ഇദ്ദേഹത്തിന്റെ കരളിന്റെ പ്രവർത്തനം ഗുരുതരമായി തകരാറിലായതാണ് മരണകാരണം . വണ്ടൂർ-മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച ഒരു ഹോട്ടലിൽ നിന്ന് സെപ്റ്റംബർ 1 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ഭക്ഷണം കഴിച്ചവർക്കാണ് വ്യാപകമായി രോഗബാധയുണ്ടായത്. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് ഈ ഹോട്ടൽ അടപ്പിച്ചു . നിലവിൽ വണ്ടൂർ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലായി 100-ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടൂർ (55 കേസ്), പോരൂർ (15), തിരുവാലി (14), കാളികാവ് (9), തൃക്കലങ്ങോട് (5), മമ്പാട് (1) എന്നീ പഞ്ചായത്തുകളിലാണ് പ്രധാനമായും രോഗം റിപ്പോർട്ട് ചെയ്തത് . വണ്ടൂർ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വാർഡ് തല സ്ക്വാഡുകൾ രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ ഉറപ്പാക്കാനും എല്ലാ ഭക്ഷണശാലകളിലും കർശനമായ ശുചിത്വ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്




