തൂക്കി നോക്കി, കൊടുത്തത് 140 കിലോ തക്കാളി! സ്പാനിഷ് താരങ്ങളായ റൂയിസിനും ഗാവിക്കും ഇങ്ങനെയൊരു സമ്മാനം കൊടുത്തതിന് പിന്നില്‍…
മാഡ്രിഡ്: സ്പെയിനിന്റെ ലോകകപ്പ് വിജയത്തിന് പിന്നാലെ, ടീമിന്റെ മിഡ്ഫീൽഡർമാരായ റൂയിസിനും ഗാവിക്കും ജന്മനാട്ടിൽ നിന്നും ലഭിച്ചത് വേറിട്ടൊരു സ്വീകരണം. അൻഡലൂസിയയിലെ ഇവരുടെ സ്വന്തം ഗ്രാമമായ ലോസ് പാലാസിയോസ് വൈ വില്ലഫ്രാങ്കയില്‍ വെച്ചാണ് പ്രാദേശിക ഭരണകൂടം തങ്ങളുടെ അപൂർവ്വവും പരമ്പരാഗതവുമായ ആദരം താരങ്ങൾക്ക് നൽകിയത്. താരങ്ങളുടെ ശരീരഭാരത്തിന് തുല്യമായ തക്കാളി നല്‍കിയാണ് ഇവരെ ആദരിച്ചത്. പ്രസിദ്ധമായ “ബോംബോൺ കൊളൊറാഡോ” ഇനത്തിൽപ്പെട്ട തക്കാളികളുടെ ഉൽപ്പാദനത്തിന് പേരുകേട്ട സ്ഥലമാണ് ലോസ് പാലാസിയോസ് വൈ വില്ലഫ്രാങ്ക. പ്ലാസാ ഡി അൻഡലൂസിയയിൽ നടന്ന ചടങ്ങിൽ ഇരു കളിക്കാരുടെയും തൂക്കം നോക്കിയതിന് ശേഷമായിരുന്നു സമ്മാന വിതരണം. ഫാബിയൻ റൂയിസിനും ഗവിക്കും കൂടി ആകെ 140 കിലോഗ്രാം തക്കാളിയാണ് സമ്മാനമായി ലഭിച്ചത്. കാർഡ് ബോർഡ് പെട്ടിയിൽ അടുക്കിവെച്ച ഈ തക്കാളികൾക്കൊപ്പമുള്ള ഇരുവരുടേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുകയും ചെയ്തു. 2010ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് സ്പെയിൻ ആദ്യമായി ലോകകപ്പ് നേടിയപ്പോഴും ലോസ് പലാസിയോസ് സ്വദേശിയായ മുൻ സ്പാനിഷ് താരം ഹെസൂസ് നാവാസിന് സമാനമായ രീതിയിൽ ശരീരഭാരത്തിന് തുല്യമായി തക്കാളി സമ്മാനിച്ചിരുന്നു. അതേസമയം കേവലം കാർഷിക സമ്മാനങ്ങളിൽ ഒതുക്കുന്നില്ല ലോസ് പലാസിയോസിലെ പ്രാദേശിക ഭരണകൂടം. സ്റ്റേഡിയങ്ങള്‍ക്ക് ഇരുവരുടെയും പേര് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ലോസ് പലാസിയോസിലെ മാരിസ്മാസ്, സാൻ സെബാസ്റ്റ്യൻ എന്നീ സ്റ്റേഡിയങ്ങൾ ഇനി മുതൽ യഥാക്രമം ‘ഫാബിയൻ റൂയിസ്’, ‘പാബ്ലോ പായെസ് ഗവിര (ഗവി) എന്നീ പേരുകളിൽ അറിയപ്പെടും. ഫാബിയൻ റൂയിസ്, ഗവി, ഹെസൂസ് നാവാസ് എന്നിവരുടെ സംഭാവനകൾ ഓർമ്മിപ്പിക്കുന്ന ഒരു പ്രത്യേക സ്മാരകം നിർമ്മിക്കുമെന്ന പ്രഖ്യാപനം കൂടി ഭരണകൂടം നടത്തിയിട്ടുണ്ട്. ചെറുപ്പകാലത്ത് നാട്ടിലെ അക്കാദമികളിൽ നിന്നാണ് റൂയിസും ഗവിയും തങ്ങളുടെ ഫുട്ബോൾ യാത്ര ആരംഭിക്കുന്നത്. ജന്മനാടിന്റെ ഈ വേറിട്ട ആദരം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിലും വലിയ ശ്രദ്ധ നേടുകയാണ്.





