വില കയറ്റത്തിൽ നടുവൊടിഞ്ഞ മലയാളിക്ക് Vd യുടെ നിർണായക കൈത്താങ്.ഇന്ധന സെസ് കുറക്കുന്നു..3രൂപ കുറയും

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർദ്ധനവ് മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമേകി, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഇന്ധന സെസ് പിൻവലിക്കാൻ ആലോചന. ജൂൺ 19-ന് അവതരിപ്പിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ഇതുസംബന്ധിച്ച അനുകൂല പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
നിലവിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും ഒരു ശതമാനം നികുതി സെസ്സും രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസ്സുമടക്കം മൂന്ന് രൂപയാണ് അധികമായി ഈടാക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
വരുമാനമിടിവ് തിരിച്ചടിയായി
2023-24 ബഡ്ജറ്റിലാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏർപ്പെടുത്തിയത്. എന്നാൽ ഈ തീരുമാനം പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ. സെസ് ഏർപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് ഇന്ധന വിൽപനയിൽ വലിയ ഇടിവാണുണ്ടായത്.
കണക്കുകൾ പ്രകാരം, ഓരോ വർഷവും ഡീസൽ വിൽപനയിൽ 76.56 കോടി ലിറ്ററിന്റെയും പെട്രോൾ വിൽപനയിൽ 17.76 കോടി ലിറ്ററിന്റെയും കുറവാണ് രേഖപ്പെടുത്തിയത്. വില വർദ്ധിച്ചതോടെ വാഹന ഉടമകൾ യാത്രകൾ കുറച്ചതും, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലായതും വരുമാനത്തെ ബാധിച്ചു. ഈ സാഹചര്യത്തിൽ, സെസ് പിൻവലിക്കുന്നത് വഴി ഇന്ധന വിൽപ്പനയിൽ വർദ്ധനവുണ്ടാകുമെന്നും അത് മൊത്തം നികുതി വരുമാനം ഉയർത്തുമെന്നുമാണ് സർക്കാർ കണക്കുകൂട്ടുന്നത്.
വിലക്കയറ്റത്തിന്റെ ആഘാതം പഠിച്ചശേഷം അനുഭാവപൂർണ്ണമായ തീരുമാനമുണ്ടാകുമെന്ന് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഡ്ജറ്റിലെ ഈ നീക്കം വലിയൊരു വിഭാഗം ജനങ്ങൾക്ക് ആശ്വാസം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




