സ്ത്രീകൾക്ക് രാത്രികാല സുരക്ഷിത യാത്ര; പിങ്ക് ബസ് സർവീസുമായി കെഎസ്ആർടിസി, ആദ്യ സർവീസ് നാളെ മുതൽ
തിരുവനന്തപുരം: സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന രാത്രികാല പിങ്ക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും. തിരുവനന്തപുരത്ത് നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക. തമ്പാനൂരിൽ നിന്നും ടെക്നോപാർക്കിലേക്ക് പോയി അവിടെ നിന്നും തിരിച്ചെത്തുന്ന രീതിയിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പിങ്ക് ബസിന്റെ സമയക്രമീകരണം. വൈകുന്നേരം ആറ് മണി മുതൽ പത്തേ മുക്കാൽ വരെയാണ് സർവീസ് ഉണ്ടായിരിക്കുക. കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ സ്ത്രീകൾക്ക് വേണ്ടി മാത്രമായി രാത്രികാല സുരക്ഷിത യാത്ര ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. നിലവിൽ ഇപ്പോൾ തിരുവനന്തപുരത്ത് മാത്രമാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി മറ്റു പ്രധാന ഇടങ്ങൾ പരിഗണിക്കും.





