കഠിനശിക്ഷകർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. :അഡ്വ. ചാർളിപോൾ

കഠിന ശിക്ഷ നൽകുന്നവർ മാനസികരോഗികൾ ഒന്നുമല്ല; പക്ഷേ കഠിന ശിക്ഷ പതിവായും നിയന്ത്രണം നഷ്ടപ്പെടുന്ന തരത്തിലും നല്കുന്നവരാണെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുന്നത് നല്ലതായിരിക്കും. അത് രോഗമുണ്ടായിട്ടല്ല.പെരുമാറ്റം മെച്ചപ്പെടുത്താനും ബന്ധങ്ങൾ ആരോഗ്യകരമാക്കാനുള്ള സഹായം തേടുന്നതിനാണ്.

കല്പകഞ്ചേരി ( മലപ്പുറം) എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചൂരൽ കൊണ്ട് അടിച്ചു കയ്യിലെ എല്ല് പൊട്ടിച്ച സംഭവത്തിൽ അധ്യാപകനായ പെരുമണ്ണ ക്ലാരി നന്ദനം വീട്ടിലെ ബൽരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.കല്ലിങ്ങൽ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകൾ ശ്രിയയെയുടെ വലതു കൈപ്പത്തിക്ക് മുകളിലെ എല്ലാ ണ് പൊട്ടിയത്. കുട്ടി ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് പറഞ്ഞ് ഗണിത അധ്യാപകൻ ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു എന്നാണ് വിദ്യാർഥിയുടെ കുടുംബം പരാതിപ്പെട്ടിരുന്നത് .അധ്യാപകനെ സ്കൂൾ മാനേജ്മെൻ്റ് സസ്പെൻഡ് ചെയ്തു. പനി മൂലം നാലഞ്ച് ദിവസം ക്ലാസിൽ വരാതിരുന്ന കുട്ടി ആ ദിനങ്ങളിലെ നോട്ട് നോക്കി എഴുതുന്ന സമയത്താണ് പറകിൽ നിന്ന് അടി വന്നത്.

ഇത്തരം കഠിനമായ ശിക്ഷാരീതികൾ പല തരത്തിൽ ആവർത്തിക്കുന്നത് വാർത്തകളിൽ നിറയുന്നുണ്ട്.ഇത്തരം കഠിന ശിക്ഷ നൽകുന്നവർ മനോവൈകല്യങ്ങളോ വ്യക്തിത്വ പ്രശ്നങ്ങളോ ഉള്ളവരാകാം. അവർ വളർന്ന കുടുംബത്തിലോ സമൂഹത്തിലോ കഠിന ശിക്ഷ സാധാരണമായിരുന്നിട്ടുണ്ടാകണം. അവർ കഠിന ശിക്ഷകളിലൂടെ കടന്നുപോയിട്ടുള്ളവരാകാം. അതാണ് കുട്ടികൾ പഠിക്കാനും അച്ചടക്കം പാലിക്കാനും ഗുണകരമെന്ന ചിന്തയും അവർക്കുണ്ടാകാം. ഇക്കൂട്ടർ കോപം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നവരാണ്. ചിലർ അധികാരം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. മറ്റുള്ളവരോട് ഇവർക്ക് സഹാനുഭൂതി കുറവായിരിക്കും. തങ്ങൾ വളർന്ന കാലത്ത് അനുഭവിച്ചത് മറ്റുള്ളവരും അനുഭവിക്കട്ടെ എന്ന ചിന്തയും ചിലർക്കുണ്ടാകാം.ലോകാരോഗ്യ സംഘടനയുടെ കണക്ക് ഉപകാരം മുതിർന്നവരിൽ നാലിലൊന്ന് ആളുകൾ കുട്ടികളായിരിക്കുമ്പോൾ ശാരീരിക ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിലെ കൗമാരപ്രായക്കാരിൽ നടത്തിയ പഠനപ്രകാരം 75 ശതമാനം മാതാപിതാക്കളുംകുട്ടികളെ അച്ചടക്കം ശീലിപ്പിക്കാൻ ശാരീരിക ശിക്ഷണം നടത്തിയിട്ടുണ്ട്. ദേഹോപദ്രവം ഏൽപ്പിച്ചാലേ കുട്ടികൾ നന്നാവു എന്നാണിവരുടെ പൊതുബോധം.

പത്തൊമ്പതാം നൂറ്റാണ്ടിന് മുമ്പ് വരെ കുട്ടികളോടുള്ള ക്രൂരത തടയുന്ന നിയമങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാ ശാരീരിക ശിക്ഷകളും കുറ്റകരവും ശിക്ഷാർഹവുമാണ്. “Battered child Syndrome” എന്ന ഡയഗ്നോസിസ് 1960 കളിലാണ് മെഡിക്കൽ ടെസ്റ്റുകളിൽ ഇടം പിടിക്കുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശാരീരിക – മാനസിക പീഡനം മൂലം കുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണിത്.

തല്ലു കിട്ടി വളർന്നവർ, കുടുംബപ്രശ്നങ്ങൾ അലട്ടുന്നവർ ,
ദാമ്പത്യ പ്രശ്നങ്ങളുള്ളവർ ,അപകർഷ ബോധമുള്ളവർ ,സ്നേഹം ലഭിച്ചു വളരാത്തവർ, വെറുപ്പ് മനസ്സിൽ സൂക്ഷിക്കുന്നവർ, മദ്യപാനം, പുകവലി, മറ്റ് രാസലഹരികൾ തുടങ്ങിയവ ഉപയോഗിക്കുന്നവർ ഒക്കെ കഠിന ശിക്ഷാരീതികൾ സ്വീകരിച്ചു കാണാറുണ്ട്. ഭയശാലിയും മാനസിക ഞെരുക്കം അനുഭവിക്കുന്നവരും പൊതുവേ ശത്രുതാ മനോഭാവമുള്ളവരുമായ അധ്യാപകരും മാതാപിതാക്കളും കുട്ടികളിൽ ഭയവും വ്യാകുലതയും അരക്ഷിതത്വവും ജനിപ്പിക്കും. വിഷയ ഗ്രാഹ്യമില്ലാത്ത അധ്യാപകൻ മുൻകോപിയും നിർദ്ദയനുമായിത്തീരാനാണ് സാധ്യത. മുറുമുറുക്കുന്നവരും ക്ഷിപ്ര കോപിയും വൈകാരിക പക്വതയില്ലാത്തവരാണ്. കോപാവേശങ്ങളുണ്ടാക്കുകയും അക്രോശമുണ്ടാക്കുകയും ചെയ്യുന്നവരെ കുട്ടികൾ വെറുക്കും. അതി വിമർശകരും പരിഹാസ രൂപത്തിൽ ശകാരിക്കുന്നവരുമായി അധ്യാപകരെ വിദ്യാർത്ഥികൾ ഇഷ്ടപ്പെടുന്നില്ല. സമചിത്തത വെടിഞ്ഞ് ചെയ്യുന്ന പ്രവർത്തികൾ ഒന്നും ശിക്ഷണമല്ല.

സോഡാ കുപ്പി തുറക്കുമ്പോൾ ഉണ്ടാകുന്ന ചീറ്റൽ പോലെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന അമർഷം മുഴുവൻ പ്രഹരശിക്ഷയായി പുറത്തുവരുമ്പോഴാണ് വകതിരിവില്ലാത്ത കഠിന ശിക്ഷകൾ നൽകുന്നത്. ആ കോപാഗ്നിയിൽ കുട്ടികളുടെ ചിറകുകൾ കരിഞ്ഞുപോകും. വളർച്ച മുരടിക്കും. നൈരാശ്യവും ശൂന്യതാബോധവും അവരിൽ സംഭവിക്കും. ഒന്നിനും വില കാണാത്ത അവർ എല്ലാം അർഥശൂന്യമായി കാണും. കടുത്ത മ്ലാനതയിലേക്കോ മദ്യം, മയക്കുമരുന്ന് എന്നിവയിലേക്കോ ആത്മഹത്യയിലേക്കോ സ്നേഹരാഹിത്യം
കുട്ടികളെ നയിച്ചേക്കാം.

കഠിന ശിക്ഷകൾ പഠനത്തിനോ അച്ചടക്കത്തിനോ സഹായകമാകുന്നില്ല എന്നാണ് ഗവേഷണ പഠനങ്ങൾ തെളിയിക്കുന്നത്. മറിച്ച്, അവ കുട്ടികളുടെ സ്വഭാവരൂപീകരണത്തെയും വ്യക്തിത്വ വികസനത്തെയും ദോഷകരമായി ബാധിക്കുമെന്ന് നാഷണൽ ചൈൽഡ് റൈറ്റ്സ് കമ്മീഷൻ കണ്ടെത്തിയിട്ടു മുണ്ട്. ശാരീരിക- മാനസിക ശിക്ഷയുടെ ദോഷങ്ങൾ പലതാണ് . (1) കോപം, പ്രതികാര വാഞ്ച തുടങ്ങിയവ കുട്ടികളിൽ ഉടലെടുക്കും. (2)അവരുടെ ആത്മവിശ്വാസത്തിന് ഇടിവ് തട്ടും. (3) സ്വയം മതിപ്പ് ഇല്ലാതാകും. (4)പരാജയബോധം വളരും . ( 5 ) പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയാതെ പോകും. ( 6 ) ഉത്തമവിശ്വാസം നഷ്ടപ്പെടും. ( 7 ) ഭയവും നിരാശയും വളരും. ( 8 ) ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള തൻ്റേടം നഷ്ടപ്പെടും. ( 9 ) പ്രചോദന വഴികൾ അടഞ്ഞുപോകും. (10 ) ദുഃസ്വഭാവങ്ങൾ ഉടലെടുക്കും. (11) അന്തർമുഖരാകും.( 12 )ആക്രമവാസന വളരും ( 13 ) മാതാപിതാക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായി അകൽച്ച ഉണ്ടാവും. ( 14 ) അടി കിട്ടി വളർന്നവർ ഭാവിയിൽ അത് മറ്റുള്ളവരിലും പ്രയോഗിക്കും. (15) സ്നേഹിക്കുന്നവർ തന്നെ കടുത്ത വേദന തരുമ്പോൾ കുട്ടികളുടെയുള്ളിൽ മറ്റുള്ളവരെ വിശ്വസിക്കാതിരിക്കാനുള്ള പ്രവണത ഉടലെടുക്കും. ഇത് ഭാവിയിൽ അടുത്ത ബന്ധങ്ങളുടെ സുഗമമായ വളർച്ചയെ തടസ്സപ്പെടുത്തും. ചുരുക്കത്തിൽ ശാരീരിക – മാനസിക ശിക്ഷകൾ ഗുണപരമായ ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല, നിരവധി ദോഷങ്ങൾക്കിട വരുത്തുകയും ചെയ്യുന്നു.

കുട്ടികൾക്ക് നല്കിയതെല്ലാം അവർ തിരിച്ചും തരുമെന്ന് ഓർത്തു വയ്ക്കുക. വിതച്ചതേ കൊയ്യു. ക്രൂരത കാണിച്ചാൽ ആനക്ക് മദം പൊട്ടുന്നതു പോലെ ഒരു ദിവസം മാതാപിതാക്കളെ അത്‌ഭുതപ്പെടുത്തുമാറ് മക്കൾ പൊട്ടിത്തെറിക്കും. പിന്നെ നാശങ്ങളുടെ വേലിയേറ്റമാകും സംഭവിക്കുക.

കുട്ടികളെ വളർത്തുന്നതിനെ കുറിച്ചുള്ള തെറ്റിദ്ധാരണ, കർശന നിയന്ത്രണങ്ങളും ശിക്ഷകളും ഇല്ലെങ്കിൽ കുട്ടികൾ വഷളായി പോകുന്ന ധാരണ, കുട്ടികളിൽ നിന്ന് കഴിവിൽ കൂടുതൽ പ്രതീക്ഷിക്കൽ, അധ്യാപകരുടെയും രക്ഷിതാക്കളുടെയും വ്യക്തിത്വ മാനസിക പ്രശ്നങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, ലഹരിയുടെ അടിമത്തം എന്നിവയെല്ലാം ശാരീരിക പീഡനത്തിന് സാഹചര്യം ഒരുക്കുന്നുണ്ട് . കോപവും താപവും അധികാരവും പ്രകടിപ്പിക്കാനുള്ള ഉപാധിയായി ശിക്ഷണ നടപടി മാറുമ്പോൾ ശിക്ഷണവഴികൾ വിനാശത്തിൻ്റേതായി മാറും.

വളരാനും വളർത്താനും ഉള്ള സാഹചര്യമൊരുക്കലും ശരി തെറ്റിനെ കുറിച്ചുള്ള ബോധ്യാവബോധം പകരലുമാണ് ശിക്ഷണ ശാസ്ത്രം. അത് രക്ഷയുടെ സമീപനമാണ്. കുട്ടികളുടെ മനസ്സറിഞ്ഞ് സ്നേഹവും ആദരവും സഹാനുഭൂതിയും നിലനിർത്തുന്ന മന:ശാസ്‌ത്രപരമായ തിരുത്തൽ വഴികൾ ശീലമാക്കണം. അതിന് ക്ഷമയും സഹിഷ്ണുതയും വേണം. സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് കുട്ടികളുടെ വളർച്ചയ്ക്ക് അനുപേക്ഷണീയം. കരുതലും കരുണയും സ്‌നേഹവും ക്ഷമയും സ്വപ്നവും ചേർന്നുണ്ടാകുന്ന ദിവ്യാനുപാതമുള്ള പാചകമാകണം പേരൻ്റിംഗ്. കുട്ടികൾ നന്നാവണമെങ്കിൽ അവരെ സന്തുഷ്ടരാക്കുകയാണ് വേണ്ടത്.

കോപം നിയന്ത്രിക്കാൻ കഴിയാതെ ആവർത്തിച്ച് കോപിഷ്ഠരാകുന്നവർ, കുട്ടികളെയോ മറ്റാരെങ്കിലുമോ ശാരീരികമായോ മാനസികമായോ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറുന്ന ശീലക്കാർ, പിന്നീട് പശ്ചാത്താപം തോന്നിയാലും വീണ്ടും അതേ പെരുമാറ്റം ആവർത്തിക്കുന്നവർ,കടുത്ത സമ്മർദ്ദം,വിഷാദം, ഉത്കണ്ഠ എന്നീ പ്രശ്നങ്ങൾ പെരുമാറ്റത്തെ ബാധിക്കുന്നതായി തോന്നുന്നവർ, നമുക്ക് നമ്മെ നിയന്ത്രിക്കാൻ പറ്റാതെ കാര്യങ്ങൾ കൈവിട്ടുപോകുന്നവർ , മറ്റ് പ്രശ്നങ്ങൾ ഉള്ളവർ ഒക്കെ മാനസികാരോഗ്യ വിദഗ്ധരുടെയോ കൗൺസിലർമാരുടെയോ സേവനം തേടണം. കോപം നിയന്ത്രിക്കാനും സമ്മർദ്ദം കൈകാര്യം ചെയ്യാനും കുട്ടികളെ നയിക്കാനുള്ള മാർഗ്ഗങ്ങൾ അവർ പറഞ്ഞു തരും. തലമുറകൾ വഴി മാറി സഞ്ചരിക്കാതിരിക്കാൻ നേർവഴികൾ കണ്ടെത്തുക, പിന്തുടരുക.(8075789768)

(അഭിഭാഷകനും ട്രെയിനറും മെൻ്ററുമായ ലേഖകൻ, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലനകനാണ്. 8075789768 )

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button