ഇൻഫ്ലുവൻസ മരണനിരക്ക് ഉയരുന്നു: ജാഗ്രതാനിർദേശ വുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണനിരക്ക് ഉയരുന്നതിനാൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കു ജാഗ്രതാ മുന്നറിയിപ്പ്. ഈ മാസം 2088 പേർക്ക് രോഗം ബാധിച്ചു. 27 മരണം റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞമാസം മരണം 31 ആയിരുന്നു. ഈ വർഷം 94 പേരാണ് ഇൻഫ്ലുവൻസ ബാധിച്ചു മരിച്ചത്. എട്ടു മാസത്തിനിടെ 8033 പേർക്കു രോഗം ബാധിച്ചു. ഇതെല്ലാം കണക്കിലെടുത്താണു ജാഗ്രതാനിർദേശം.
മഴക്കാലത്തും അതിനു ശേഷമുള്ള മാസങ്ങളിലും (ജൂൺ മുതൽ സെപ്റ്റംബർ വരെ) ഇൻഫ്ലുവൻസ വ്യാപനം കൂടുമെന്നു ജാഗ്രതാ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ശീതകാല മാസങ്ങളിൽ (ഡിസംബർ മുതൽ ഫെബ്രുവരി വരെ) ചെറിയൊരു വർധന ഉണ്ടാകും.
കേസുകൾ കൂടുന്നതും ശ്വാസകോശ സംബന്ധമായ അണുബാധ വർധിക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് ആരോഗ്യ സ്ഥാപനങ്ങൾ സജ്ജമായിരിക്കണം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉടൻ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കു മാറ്റണം. എല്ലാ ആശുപത്രികളിലും ആന്റിവൈറൽ മരുന്നുകൾ മതിയായ അളവിൽ ഉണ്ടെന്ന് ഉറപ്പാക്കണം. ഓക്‌സിജൻ, വെന്റിലേറ്റർ എന്നിവയും ലഭ്യമാക്കണം.





