ബസിൽ യുവതിയോട് ലൈംഗികാതിക്രമം; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഡോർ പൂട്ടി പിടികൂടി, ഡ്രൈവറും യാത്രക്കാരും ചേർന്ന് കൈകാര്യം ചെയ്തു
ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ബസ് ഡ്രൈവറും സഹയാത്രക്കാരും പിടികൂടി മർദിച്ചു. ബെംഗളൂരു ഹെബ്ബാളിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
ഹെബ്ബാളിൽ നിന്ന് മാന്യത ടെക് പാർക്കിലേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. യുവതിയുടെ സമീപത്ത് ഇരുന്ന യാത്രക്കാരൻ മോശമായി പെരുമാറിയതോടെ യുവതി കരഞ്ഞ് ബഹളംവെച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാർ ഉടൻ ഇടപെട്ട് യുവാവിനെ തടഞ്ഞുവെക്കുകയായിരുന്നു.
ബസ് റോഡരികിൽ നിർത്തിയ ഡ്രൈവർ യാത്രക്കാർ പുറത്തുപോകാതിരിക്കാൻ ഡോറുകൾ അടച്ചശേഷം യുവാവിനെ പിടിച്ചുനിർത്തി. ഇതിനിടെ ഇയാൾ ബസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ഡോർ ലോക്ക് ചെയ്തതിനാൽ പുറത്തുകടക്കാനായില്ല. തുടർന്ന് ഡ്രൈവറും യാത്രക്കാരും ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു.
സംഭവത്തിൽ യുവതി ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. എന്നിരുന്നാലും ദൃശ്യങ്ങൾ വൈറലായ സാഹചര്യത്തിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.





