ടോൾ പ്ലാസയിലെത്തും മുൻപുള്ള ഫാസ്‌ടാഗ് റീചാർജ് ഇനി വേണ്ട: ഇരട്ടി തുക പിഴ നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ആറുവരിപ്പാതയിലെ യാത്രക്കാർ ശ്രദ്ധിക്കുക..!
ആറുവരിപ്പാതകൾ സജീവമായതോടെ ടോൾ പ്ലാസകൾ കടന്നുപോകുന്ന യാത്രക്കാർക്ക് പ്രധാന മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. ടോൾ പ്ലാസയ്ക്ക് തൊട്ടടുത്ത് എത്തുമ്പോഴോ ക്യൂവിൽ നിൽക്കുമ്പോഴോ ഫാസ്‌ടാഗ് റീചാർജ് ചെയ്യുന്ന ശീലം ഒഴിവാക്കണമെന്ന് അധികൃതർ.
ഇത്തരത്തിൽ അവസാന നിമിഷം റീചാർജ് ചെയ്യുന്നത് ടോൾ ഗേറ്റുകളിൽ ഇരട്ടി തുക പിഴ നൽകേണ്ട സാഹചര്യത്തിനും തർക്കങ്ങൾക്കും കാരണമാകുന്നുണ്ട്. മൊബൈൽ ആപ്പുകൾ വഴി റീചാർജ് ചെയ്യുമ്പോൾ അക്കൗണ്ടിൽ പണം ഉടൻ കാണിക്കുമെങ്കിലും, ഈ വിവരം ദേശീയപാത അതോറിറ്റിയുടെയും ടോൾ പ്ലാസയിലെയും സർവറുകളിൽ അപ്‌ഡേറ്റ് ആകാൻ 15 മുതൽ 30 മിനിറ്റ് വരെ സമയമെടുക്കും.
ഈ സമയത്തിനുള്ളിൽ വാഹനം ടോൾ പ്ലാസയിലെ സ്‌കാനറിന് മുന്നിലെത്തിയാൽ സിസ്റ്റത്തിൽ ‘കുറഞ്ഞ ബാലൻസ്’ എന്ന് കാണിക്കുകയും വാഹനം കടത്തിവിടാതിരിക്കുകയും ചെയ്യും. അതിനാൽ ടോൾ പ്ലാസയിൽ എത്തുന്നതിന് ചുരുങ്ങിയത് അരമണിക്കൂർ മുൻപെങ്കിലും റീചാർജ് പൂർത്തിയാക്കണം.
കൂടാതെ, മിനിമം ബാലൻസ് ഇല്ലാത്തതിനെ തുടർന്ന് ഫാസ്‌ടാഗ് ‘ബ്ലാക്ക്‌ലിസ്റ്റ്’ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ടോൾ പ്ലാസയിൽ എത്തുന്നതിന് ഏറ്റവും കുറഞ്ഞത് 60 മിനിറ്റ് (ഒരു മണിക്കൂർ) മുൻപെങ്കിലും റീചാർജ് ചെയ്യണം. ബൂത്തിലെത്തുന്നതിന് തൊട്ടുമുൻപ് റീചാർജ് ചെയ്താൽ സിസ്റ്റത്തിൽ ബ്ലാക്ക്‌ലിസ്റ്റ് മാറാൻ സമയമെടുക്കുമെന്നും, പണം റീചാർജ് ചെയ്തിട്ടും റോഡിൽ ഇരട്ടി തുക പിഴയായി നൽകേണ്ടി വരുമെന്നും അധികൃതർ.





