പത്തനംതിട്ട അടൂരിലെ വിവിധ ഹോട്ടലുകളിൽ റെയ്ഡ് : പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.
പത്തനംതിട്ട: അടൂരിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീനും മറ്റ് ഭക്ഷണ സാധനങ്ങളും പിടികൂടിയത്. ഹോട്ടൽ സംഘടനാ നേതാവിന്റെ ഹോട്ടലിൽനിന്നാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണങ്ങൾ കണ്ടെടുത്തത്. ഇതിനിടെ പരിശോധന തടസ്സപ്പെടുത്താനും ശ്രമം ഉണ്ടായി. പൊലീസ് സഹായത്തോടെയായിരുന്നു തുടർനടപടി. അടൂർ എസ്.എൻ ഹോട്ടൽ, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, രാജധാനി, സൺ റൈസ്, പഴങ്കഞ്ഞികട, അൽ റാസി തുടങ്ങിയ ഹോട്ടലുകളിലാണ് പരിശോധന നടന്നത്. രാജധാനി ഹോട്ടലിൽനിന്ന് 50 കിലോ പഴകിയ മീൻ പിടികൂടി. പത്തനംതിട്ടയിലെ പ്രധാന ഫുഡ് സ്പോട്ടാണ് അടൂർ ബൈപ്പാസ്. ഇവിടെ അനധികൃത തട്ടുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. രാത്രിയിൽ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇവിടുത്തെ ഭക്ഷണത്തെ കുറിച്ച് പലപ്പോഴും പരാതികൾ ഉയർന്നിരുന്നു. ഇറച്ചി, മീൻ വിഭവങ്ങൾ കഴിച്ചവർക്ക് അസുഖങ്ങൾ ബാധിച്ചെന്നും പരാതിയുണ്ടായി. പരിശോധന നടന്ന ഹോട്ടലുകളുടെ അടുക്കള ഭാഗങ്ങൾ വൃത്തിരഹിതമായിരുന്നതായി പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. നിരന്തരം പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് ചെയർപേഴ്സൺ റീനാ ശാമുവൽ പറഞ്ഞു. ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധിച്ചത്. എന്നാൽ, പരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പറഞ്ഞു. അടൂരിൽ സംഘടനക്ക് യൂനിറ്റില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് പരിശോധന നടത്തേണ്ടത്. ഇവിടെ ആരോഗ്യ വിഭാഗം പരിശോധിച്ച് പിടിച്ചെടുത്ത സാധനങ്ങൾ മോശമാണെന്ന് പ്രചരിപ്പിച്ചത് യാതൊരു ശാസ്തീയ പരിശോധനയും നടത്താതെയാണെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നിയും, സെക്രട്ടറി എം.കെ. ഉല്ലാസും പറഞ്ഞു. ഹോട്ടലുകളിലെ പരിശോധനയെ എതിർക്കില്ല –ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോ.ഹോട്ടലുകളിലെ നിയമപരമായ പരിശോധനയെ എതിർക്കില്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അടൂരിൽ അസോസിയേഷന് നിലവിൽ യൂനിറ്റ് പ്രവർത്തനമില്ല. ഭാരവാഹികളായി ആരെയും നിശ്ചയിച്ചിട്ടുമില്ല. ചൊവ്വാഴ്ച അടൂരിൽ നടന്ന പരിശോധനയുടെ പേരിൽ അസോസിയേഷനെ വലിച്ചിഴയ്ക്കുന്നതിനോടു യോജിപ്പില്ല. തങ്ങളുടെ അംഗങ്ങളുടേതടക്കം കടകളിൽ പരിശോധന നടന്നിട്ടുണ്ട്. എന്നാൽ, അസോസിയേഷൻ ഭാരവാഹികളാരും പരിശോധന തടഞ്ഞിട്ടില്ല. നഗരസഭ ആരോഗ്യ വിഭാഗത്തിന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കാനോ പ്രദർശിപ്പിക്കാനോ അധികാരമില്ല. ഫുഡ്സേഫ്റ്റി വിഭാഗമാണ് പരിശോധന നടത്തേണ്ടത്. പഴകിയവയെന്ന പേരിൽ പ്രദർശിപ്പിച്ച പല ഭക്ഷണ സാധനങ്ങളും അത്തരത്തിലുള്ളതായിരിക്കില്ല. ശാസ്ത്രീയ പരിശോധന കൂടാതെയുള്ള തീരുമാനങ്ങൾ ഹോട്ടൽ വ്യവസായത്തെ തകർക്കും. ലൈസൻസില്ലാതെയും നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ പരിശോധനക്ക് അധികൃതർ തയാറാകുന്നില്ല. ഗുണമേൻമയുള്ള ഭക്ഷണം ഉറപ്പാക്കാൻ അസോസിയേഷൻ ബാധ്യസ്ഥമാണ്. നിയമപരമായ എല്ലാ നടപടികളും ഹോട്ടലുകൾ സ്വീകരിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്തു തന്നെ ആദ്യം നടപ്പാക്കിയത് പത്തനംതിട്ട ജില്ലയിലാണ്. ഇതേ തുടർന്ന് ഫുഡ് സേഫ്റ്റി വിഭാഗവുമായി സഹകരിച്ച് ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും പ്രത്യേക ക്ലാസുകളും മറ്റും നടത്തിവരികയാണെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, സെക്രട്ടറി എം.കെ. ഉല്ലാസ്, ട്രഷറാർ രാജേഷ് ജി. നായർ, വർക്കിംഗ് പ്രസിഡന്റ് സുനിത ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എം. രാജ, എൻ.കെ. സനൽകുമാർ, വൈസ് പ്രസിഡന്റ് സക്കീർ ശാന്തി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.





