അരീക്കോട് ‘ഓപ്പറേഷൻ തൂഫാൻ’; ലോഡ്ജ് മുറിയിൽ നിന്ന് കോളേജ് വിദ്യാർത്ഥിനി ഉൾപ്പെടെ നാലംഗ ലഹരിസംഘം വലയിൽ

ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തുന്ന കടുത്ത നടപടിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വൻ മയക്കുമരുന്ന് വേട്ട. അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജിൽ ഒളിപ്പിച്ചുവെച്ച 14.120 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കോളേജ് വിദ്യാർത്ഥിനി ഉൾപ്പെടെ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

​പൂക്കൊളത്തൂർ സ്വദേശി വാര്യംകുന്നത്ത് വീട്ടിൽ മുഹമ്മദ് ദിൽഷാദ്, പൂക്കളത്തൂർ തൃപ്പനച്ചി സ്വദേശി കുന്നിക്കൽ വീട്ടിൽ ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി മുണ്ടിയൻ കുന്നത്ത് വീട്ടിൽ സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനി ഫിദ മൻസിലിൽ വീട്ടിൽ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായ പ്രതികൾ.

അരീക്കോട് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും സംയുക്തമായി നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതികൾ വലയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച അതീവ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൈപ്പകുളത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.

അന്താരാഷ്ട്ര വിപണിയിൽ വൻ വിലമതിക്കുന്ന ലഹരിമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ​പിടിയിലായവരിൽ രണ്ടുപേർ മുൻപും ലഹരിക്കേസുകളിൽ പെട്ട് ജാമ്യത്തിലിറങ്ങിയവരാണ്.

ജാമ്യത്തിലിറങ്ങിയ ശേഷവും ഇവർ വീണ്ടും മയക്കുമരുന്ന് കച്ചവടം സജീവമാക്കുകയായിരുന്നു. മഞ്ചേരി, അരീക്കോട്, കാവനൂർ, തൃപ്പനച്ചി ഉൾപ്പെടെയുള്ള വിവിധ പ്രധാന കേന്ദ്രങ്ങളിൽ വൻതോതിൽ ലഹരിമരുന്ന് എത്തിച്ച്, സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്ന വൻ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button