മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് കാർ തുറന്ന ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകൻ മരിച്ചു. യുഎസിൽ ബിസിനസ് പഠനം നടത്തുന്ന യശ്വേന്ദ്രയാണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം. നംഗൽ ദേവത് ഭാഗത്തെ കൊടുംവളവിൽ മഴയെ തുടർന്ന് റോഡ് വഴുക്കലായിരുന്നതിനാൽ കാർ നിയന്ത്രണംവിട്ട് ആദ്യം മരത്തിലിടിക്കുകയും തുടർന്ന് തലകീഴായി തുറന്ന ഓടയിലേക്ക് പതിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.കൊൽക്കത്തയിൽ സേവനമനുഷ്ഠിക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ മകനായ യശ്വേന്ദ്ര അവധിക്കായി യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയതായിരുന്നു. അപകടസമയത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മഹിപാൽപൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാർ യുവതിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നുവെങ്കിലും വാഹനം ഓടിച്ചിരുന്നത് യശ്വേന്ദ്രയായിരുന്നു.ഓടയിലേക്ക് മറിഞ്ഞതോടെ യുവതി തന്റെ വശത്തെ ഡോർ തുറന്ന് പുറത്തുകടക്കാൻ കഴിഞ്ഞു. എന്നാൽ വാഹനത്തിന്റെ മേൽക്കൂര പൂർണമായും തകർന്നതിനാൽ യശ്വേന്ദ്ര കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടം നടന്ന ഓടയ്‌ക്ക് സംരക്ഷണഭിത്തിയോ മൂടിയോ ഇല്ലായിരുന്നുവെന്നാണ് വിവരം. വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള സാഹചര്യങ്ങളും അപകടത്തിന് മറ്റ് കാരണങ്ങളുണ്ടോയെന്നും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button