
ദില്ലി: രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധയായ ഗൂണ്ടാ സംഘാംഗമാണ് ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്ര. പല ആക്രമണങ്ങളിലും ഉയർന്നുകേട്ട സിക്രയുടെ പേര് വീണ്ടും രാജ്യ തലസ്ഥാനത്ത് ചർച്ചയാകുന്നു. ദില്ലിയിൽ 17 കാരനെ സിക്രയും സംഘവും കുത്തിക്കൊന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സീലംപൂര്‍ സ്വദേശി കുനാലാണ് കൊല്ലപ്പെട്ടത്. പാലു വാങ്ങിക്കാൻ പോയ കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്രയാണ് കൊല നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് ഉയർന്നിട്ടുള്ളത്. അതേസമയം സിക്രയും സഹോദരൻ സാഹിലും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വിവരിച്ചു.
