മഴയുടെ സാധ്യതയും ശക്തിയും പ്രവചിച്ച് കരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി
കോഴിക്കോട്: മഴയുടെ സാധ്യതയും ശക്തിയും ഉൾപ്പെടെ മുൻകൂട്ടി പ്രവചിച്ച് കരുതലുകൾ സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി. കോഴിക്കോട് പാറോപ്പടിയിലെ ഹൈഡ്രോളജി സബ് ഡിവിഷൻ ഓഫീസിന്റെ താഴെ നിലയാണ് പൂർണമായും വെള്ളത്തിൽ മുങ്ങിയത്. മഴമാപിനികളുടെയും വിവിധ പുഴകളിൽ സ്ഥാപിച്ച സംവിധാനങ്ങളുടെയും സഹായത്താൽ വിവരങ്ങൾ ശേഖരിച്ച് റെഡ് അലർട്ട് ഉൾപ്പെടെ പ്രഖ്യാപിക്കുന്നതിന് സഹായിക്കുന്ന ഓഫീസാണ് വെള്ളത്തിൽ മുങ്ങിയത്.അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ നാല് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്.കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 11 മരണം സ്ഥിരീകരിച്ചു. 30 വീടുകൾ തകർന്നു, 7634 പേരെ കാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.





