സംസ്ഥാനത്ത് എറണാകുളം ജില്ല ഉൾപ്പടെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം| കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, പത്തനംതിട്ട, പാലക്കാട്, കോട്ടയം, ഇടുക്കി, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും അവധി ബാധകമല്ല. പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.




