പെരുമഴ തുടരുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്ട്ടുമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ കല്ലാർകുട്ടി ലോവർപെരിയാർ, പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ടാണ്. മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കാസർകോട്, കോട്ടയം, കണ്ണൂർ, തൃശൂർ എന്നീ ജില്ലകളിലാണ് അവധി.കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഗൗതം കൃഷ്ണനായി ഇന്നും തിരച്ചിൽ തുടരും. കോസ്റ്റ് ഗാർഡും വിദഗ്ധ മുങ്ങൽ സംഘവും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞദിവസം രാവിലെ മുതൽ തിരച്ചിൽ നടത്തിയിട്ടും ഗൗതമിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടലിലും കായലിലുമായാണ് തിരച്ചിൽ നടത്തുന്നത്. മനുഷ്യസാധ്യമായ എല്ലാ രീതിയിലും തിരച്ചിൽ നടത്താമെന്ന ഉറപ്പാണ് സർക്കാർ നൽകിയിരിക്കുന്നത്. പുത്തൻതുറ സ്വദേശി ഗൗതമിനെ കാണാതെയായിട്ട് ഇന്ന് 9 ദിവസമാകുന്നു. ഗൗതമിന്റെ അമ്മ രേഷ്മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഹെലികോപ്റ്ററും ഡ്രോണും ഉൾപ്പെടെ എത്തിച്ച് തിരച്ചിൽ ഊർജിതമാക്കിയത്.മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ ഷിജിനു വേണ്ടിയുള്ള തിരച്ചിൽ ഒൻപതാം ദിവസവും തുടരും. ഇന്ന് പുലർച്ചെ മുതൽ തിരച്ചിൽ ആരംഭിച്ചു . രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കാനായി പ്രദേശത്തെക്കുറിച്ച് അറിവുള്ള മത്സ്യത്തൊഴിലാളികളെ കൂടി തിരച്ചിൽ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജൂലൈ 31നാണ് ഷിജിനെ വള്ളം മറിഞ്ഞു കാണാതാവുന്നത്. നിലവിലെ തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനായുള്ള തിരച്ചിലും തുടരുകയാണ്. രക്ഷാപ്രവർത്തനത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു.അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം കനക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതികളിലും പ്രളയത്തിലുമായി വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ജനജീവിതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. നഗരത്തിലെ ഭൂരിഭാഗം താഴ്ന്ന പ്രദേശങ്ങളും കടുത്ത വെള്ളക്കെട്ടിലായി. ഉത്തരാഖണ്ഡ്, ഹരിയാന, പശ്ചിമബംഗാൾ , അസം , ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നദികൾ പലതും അപകടരേഖയും കടന്ന് കര കവിഞ്ഞൊഴുകിയതോടെ അതീവ ജാഗ്രതാ നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്.




