കോഴിക്കോട് ജില്ലയിൽ സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പ്: ആയിരം പേരെ പ്രതീക്ഷിച്ചിടത്ത് എത്തിയത് ഏഴായിരത്തോളം പേർ

കോഴിക്കോട്: കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ ജനസമുദ്രം. ആയിരത്തോളം അപേക്ഷകരെ മാത്രം പ്രതീക്ഷിച്ച സ്ഥാനത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏഴായിരത്തോളം പേരാണ് എത്തിയത്.

ആൾത്തിരക്ക് വർധിച്ചതിനെ തുടർന്ന് ക്ഷേത്രപരിസരത്തുനിന്നും ദേശീയപാതയിലെ രണ്ട് ബസ് സ്റ്റോപ്പുകൾ വരെ നീളുന്ന കൂറ്റൻ ക്യൂ രൂപപ്പെട്ടു. ഗതാഗത തടസ്സവും തിരക്കും നിയന്ത്രിക്കാൻ ഒടുവിൽ പൊലീസിന് ഇടപെടേണ്ടിവന്നു.

രണ്ടാഴ്ച മുമ്പാണ് ക്ഷേത്ര ഭാരവാഹികൾ വിവാഹ രജിസ്ട്രേഷൻ ക്യാമ്പിന്റെ നോട്ടീസ് പുറത്തിറക്കിയത്. സോഷ്യൽ മീഡിയ വഴി സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ കോഴിക്കോടിന് പുറമെ മറ്റ് ജില്ലകളിൽ നിന്നും നിരവധിപേർ ഞായറാഴ്ച പുലർച്ചെ തന്നെ സ്ഥലത്തെത്തി.

രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ക്യാമ്പ് അനിയന്ത്രിതമായ തിരക്ക് കാരണം ഏഴ് മണിക്ക് തന്നെ തുടങ്ങേണ്ടി വന്നു. തയാറാക്കിവെച്ച 1,500 ഫോമുകൾ നിമിഷങ്ങൾക്കകം തീർന്നതോടെ സംഘാടകർക്ക് കൂടുതൽ ഫോമുകൾ ഫോട്ടോകോപ്പി എടുക്കേണ്ടിവന്നു. ഒമ്പത് മണിയോടെ കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തുമ്പോഴേക്കും ക്ഷേത്ര പരിസരം അപേക്ഷകരാൽ നിറഞ്ഞിരുന്നു.

ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ച ക്യാമ്പ് സന്ധ്യ വൈകുവോളമാണ് നീണ്ടത്.രജിസ്റ്റർ ചെയ്തവരിൽ 80 ശതമാനവും പുരുഷന്മാരാണ്. 30 വയസ്സിന് മുകളിലുള്ള യുവാക്കളാണ് അപേക്ഷകരിൽ ഭൂരിഭാഗവും. സ്ത്രീകളിൽ ഏറിയ പങ്കും പുനർവിവാഹത്തിന് താല്പര്യമുള്ളവരായിരുന്നു. ക്യാമ്പിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ തയാറാക്കി പിന്നീട് അപേക്ഷകർക്ക് നൽകാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button